തലശേരി: തലശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. തളിപ്പറമ്പ് ഏഴോം പറമ്പത്ത് വീട്ടിൽ എസ്.കെ. ശ്രീകാന്ത് (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഇയാൾക്ക് മർദനമറ്റതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഹൃദ്രോഗത്തിന് മരുന്നുവാങ്ങാൻ വന്നയാളുമായി ശ്രീകാന്ത് പലതവണ കലഹിക്കാൻ ശ്രമിച്ചതായും തുടർന്ന് അയാൾ തള്ളിമാറ്റുമ്പോൾ ശ്രീകാന്ത് വീണതായും പറയുന്നുണ്ട്.എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ ശ്രീകാന്ത് അവിവാഹിതനാണ്. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് പോകാനുള്ള ട്രെയിൻ ടിക്കറ്റ് ഇയാളുടെ പക്കലുണ്ടായിരുന്നു.ദേഹമാസകലം രക്തംപുരണ്ട നിലയിലാണ് ശ്രീകാന്തിനെ കണ്ടെത്തിയത്. ഉടൻ തന്നെ തലശേരി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ശ്രീകാന്തിന്റെ കൈയിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ കാണാതായതായി പരാതിയുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് പൊലിസ് അന്വേഷണം ഊർജിതമാക്കിയത്. തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പരേതനായ ശ്രീധരൻ- കോമളവല്ലി ദന്പതികളുടെ മകനാണ്. സഹോദരൻ: ശ്രീകേഷ്.
