ഡ്രൈവർ പുറത്തിറങ്ങിയ സമയത്ത് ഇലക്ട്രിക് കാർ സ്വയം ലോക്കാവുകയും തുടർന്ന് ഓടാൻ തുടങ്ങുകയും ചെയ്ത വിചിത്ര സംഭവത്തിന് സാങ്കേതിക ലോകം സാക്ഷിയാകുന്നു. പഞ്ചാബിലാണ് ഉടമയെപ്പോലും ഞെട്ടിച്ച ഈ അസാധാരണ സംഭവം നടന്നത്. വഴിയരികിൽ നിർത്തിയിട്ടിരുന്ന എംജി വിൻഡ്സർ ഇവി എന്ന മോഡൽ കാറാണ് ഡ്രൈവറില്ലാതെ മുന്നോട്ട് കുതിച്ചത്.
കാർ സ്വന്തം നിലയിൽ മുന്നോട്ട് നീങ്ങുന്നത് കണ്ട് പരിഭ്രാന്തനായ ഉടമ, മറ്റ് വാഹന ഉടമകളോട് മാറിപ്പോകാൻ ഉറക്കെ വിളിച്ച് പറയുന്നതും കാറിന് പിന്നാലെ ഓടുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റോഡിലൂടെ നിയന്ത്രണമില്ലാതെ ഓടിയ കാർ ഒടുവിൽ വഴിയോരത്തെ പഴക്കട തകർക്കുകയും സമീപത്തെ മരത്തിലിടിച്ച് നിൽക്കുകയുമായിരുന്നു. മരത്തിലിടിച്ച ശേഷവും കാറിന്റെ ചക്രങ്ങൾ കറങ്ങുന്നുണ്ടായിരുന്നു.
വാഹനത്തിന്റെ ‘ഓട്ടോ പാർക്ക് അസിസ്റ്റ്’ അല്ലെങ്കിൽ സെൻസർ സാങ്കേതികവിദ്യയിലുണ്ടായ സാങ്കേതിക തകരാറാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇന്ത്യൻ റോഡുകളിൽ ഇത്തരം നൂതന സാങ്കേതികവിദ്യകൾ എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യമാണ് ആളുകൾ ഉയർത്തുന്നത്. കട തകർന്ന പഴക്കച്ചവടക്കാരന് നഷ്ടപരിഹാരം ലഭിക്കുമോ എന്നതിനെക്കുറിച്ചും ആശങ്കകൾ ഉയരുന്നുണ്ട്.

