തെരുവ് നായ ശല്യം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ ഉദ്യോഗസ്ഥന്റെ മേശപ്പുറത്ത് നായ്ക്കുട്ടികളെ തുറന്നുവിട്ട് യുവസേന പ്രവർത്തകരുടെ പ്രതിഷേധം.
നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസർ ധീരാജ് ഭാംറെയുടെ ഓഫീസിലാണ് ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ ജില്ലാ അധ്യക്ഷൻ വിക്രം രന്ധവെയുടെ നേതൃത്വത്തിൽ പ്രവർത്തകർ വേറിട്ട സമരം നടത്തിയത്.
ചാക്കിലാക്കി കൊണ്ടുവന്ന രണ്ട് തെരുവ് നായ്ക്കുട്ടികളെ ചീഫ് ഓഫീസറുടെ മേശപ്പുറത്തേക്ക് തുറന്നുവിടുകയും, കറൻസി നോട്ടുമാല മേശപ്പുറത്ത് വെക്കുകയും ചെയ്തായിരുന്നു പ്രതിഷേധം.
പ്രദേശത്ത് തെരുവ് നായകളുടെ എണ്ണം വർധിക്കുന്നതിനെതിരെയും, നിരവധി പേർക്ക് കടിയേറ്റതിനെതിരെയും ഭരണകൂടത്തിന് നിരന്തരം പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതാണ് പ്രതിഷേധത്തിന് കാരണം. ഗണേശോത്സവ വേളയിൽ പന്തലുകളിൽ എത്തുന്ന ഭക്തർക്കും കുട്ടികൾക്കും മുതിർന്നവർക്കും തെരുവ് നായ ശല്യം വലിയ ഭീഷണിയാകുന്നതായി പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
വന്ധ്യംകരണ പദ്ധതികൾ അടിയന്തരമായി നടപ്പിലാക്കാനും, തെരുവ് നായകളെ പിടികൂടാൻ കൃത്യമായ സംവിധാനം ഏർപ്പെടുത്താനും യുവസേന ആവശ്യപ്പെട്ടു. പ്രശ്നത്തിന് ഉടൻ ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ കൂടുതൽ നായകളെ ഓഫീസിലേക്ക് തുറന്നുവിട്ട് സമരം ശക്തമാക്കുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
