ബിഹാറിലെ പട്നയിൽ മേൽപ്പാലത്തിന്റെ ഇരുമ്പ് ആർച്ചിന് മുകളിൽ കയറി യുവാവിന്റെ പരിഭ്രാന്തി സൃഷ്ടിച്ച സാഹസിക പ്രകടനം. പട്ന സിറ്റിയിലെ ചൗക്ക് ഷികാർപൂർ മേൽപ്പാലത്തിലാണ് സംഭവം നടന്നത്.
മണിക്കൂറുകളോളം പ്രദേശവാസികളെയും യാത്രക്കാരെയും മുൾമുനയിൽ നിർത്തിയ യുവാവിനെ ഒടുവിൽ പോലീസ് ക്രെയിൻ ഉപയോഗിച്ച് സുരക്ഷിതമായി താഴെയിറക്കി.
ജമുയി ജില്ല സ്വദേശിയും നിലവിൽ പട്നയിൽ ഓട്ടോ ഡ്രൈവറുമായ ജയ്പ്രകാശ് സാവോ ആണ് പാലത്തിന് മുകളിൽ കയറിയത്. റോഡിൽ നിന്നും ഏറെ ഉയരത്തിലുള്ള ഇരുമ്പ് അസ്ഥികൂടത്തിന് മുകളിൽ യുവാവ് നിൽക്കുന്നത് കണ്ട പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്.
വിവരമറിഞ്ഞ് ചൗക്ക് പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തുകയും സുരക്ഷ മുൻനിർത്തി പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും തടയുകയും ചെയ്തു. എന്നാൽ, യുവാവ് നിൽക്കുന്ന ഉയരത്തിലേക്ക് നേരിട്ട് എത്താൻ സാധിക്കാതിരുന്നതോടെ പോലീസ് അടിയന്തരമായി ക്രെയിൻ വിളിച്ചുവരുത്തുകയായിരുന്നു.
ഏകദേശം 20 മുതൽ 25 മിനിറ്റ് വരെ നീണ്ടുനിന്ന ശ്രമകരമായ ദൗത്യത്തിനൊടുവിൽ പോലീസും രക്ഷാപ്രവർത്തകരും ചേർന്ന് യുവാവിനെ താഴെയിറക്കി. യുവാവ് എന്തുകൊണ്ടാണ് മേൽപ്പാലത്തിന് മുകളിൽ കയറിയതെന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
