ട്രെയിൻ പ്ലാറ്റ്ഫോം വിട്ട് പൂർണമായും മറയുന്നത് വരെ പുഞ്ചിരിയോടെ നോക്കിനിൽക്കുകയും കൈവീശി കാണിക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ മനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
ഖുഷി സോളങ്കി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് തനിക്ക് യാത്രാമൊഴി നൽകുന്ന മാതാപിതാക്കളുടെ വൈകാരികമായ രംഗങ്ങൾ ക്യാമറയിൽ പകർത്തി പങ്കുവെച്ചത്.
ട്രെയിൻ കമ്പാർട്ട്മെന്റിലെ ജനലിലൂടെ ഖുഷി ചിത്രീകരിച്ച വീഡിയോയിൽ, പ്ലാറ്റ്ഫോമിൽ നിൽക്കുന്ന മാതാപിതാക്കൾ പുഞ്ചിരിയോടെ മകളെ നോക്കുന്നതും കൈവീശുന്നതും കാണാം.
ഇതിനിടയിൽ മകളുടെ ചിത്രം അച്ഛൻ പകർത്താൻ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ദൃശ്യമാണ്. ട്രെയിൻ വേഗത കൈവരിച്ച് ഏറെ ദൂരേക്ക് പോയിട്ടും കാഴ്ച മങ്ങുന്നത് വരെ അവർ കൈവീശൽ തുടർന്നുകൊണ്ടേയിരുന്നു.
“എന്റെ മാതാപിതാക്കൾ എന്നെ യാത്രയാക്കുന്നത് ഇങ്ങനെയാണ്, അതിനാൽ ഞാൻ സമ്പന്നയാണ്” എന്ന അടിക്കുറിപ്പോടെയാണ് ഖുഷി വീഡിയോ പങ്കുവെച്ചത്.
ഒരുവശത്ത് അമ്മ നിറഞ്ഞ പുഞ്ചിരിയോടെ കൈവീശുമ്പോഴും മറുവശത്ത് ആ നിമിഷങ്ങൾ ഫോണിൽ പകർത്തുന്ന അച്ഛന്റെ സ്നേഹമാണ് നെറ്റിസൺസിന്റെ മനം കവർന്നത്.
ഈ ദിവസത്തിൽ കണ്ട ഏറ്റവും മനോഹരമായ കാഴ്ചയെന്നാണ് നിരവധി ആളുകൾ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ചെറിയ വിടവാങ്ങലുകളിൽ പോലുമുള്ള കുടുംബബന്ധങ്ങളുടെ ആഴം ഈ വീഡിയോ വ്യക്തമാക്കുന്നുണ്ടെന്നും ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
