ട്രെയിൻ യാത്രയ്ക്കിടെ കരയുന്ന കുഞ്ഞിനെ സമാധാനിപ്പിക്കാൻ നൃത്തം ചെയ്യുന്ന ചായക്കച്ചവടക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഗോരഖ്പൂരിൽ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്ന അമ്മയ്ക്കാണ് യാത്രാമധ്യേ അപ്രതീക്ഷിതമായ ഈ സന്തോഷ നിമിഷം ലഭിച്ചത്.
പാറ്റ്ന സ്വദേശിയായ ‘രാജ ബാബു’ എന്ന ചായക്കച്ചവടക്കാരനാണ് ഈ കനിവിന്റെ മുഖമായത്. ക്ഷീണിതയായ അമ്മ കരയുന്ന കുഞ്ഞിനെ സമാധാനിപ്പിക്കാൻ പാടുപെടുന്നത് കണ്ട രാജ ബാബു, ആദ്യം അവർക്ക് ഒരു കപ്പ് ചൂട് ചായ നൽകി. തുടർന്ന് കുഞ്ഞിന്റെ ശ്രദ്ധ തിരിക്കാനായി ട്രെയിനിലെ വഴിയിൽ വച്ച് ഊർജ്ജസ്വലമായി നൃത്തം ചെയ്യാൻ തുടങ്ങുകയായിരുന്നു.
കച്ചവടക്കാരന്റെ കുസൃതി നിറഞ്ഞ നൃത്തം കണ്ടതോടെ കുഞ്ഞിന്റെ കരച്ചിൽ നിൽക്കുകയും ശ്രദ്ധ നൃത്തത്തിലേക്ക് മാറുകയും ചെയ്തു. ഈ അപ്രതീക്ഷിത കാഴ്ച ക്ഷീണിതയായ അമ്മയുടെ മുഖത്തും ട്രെയിനിലെ മറ്റ് യാത്രക്കാരുടെയും മുഖത്ത് പുഞ്ചിരി വിടർത്തി.
വൈറലായ വീഡിയോയ്ക്ക് വൻ ജനശ്രദ്ധയാണ് ലഭിക്കുന്നത്. യാതൊരു സ്വാർഥതയുമില്ലാതെ,ആരും ആവശ്യപ്പെടാതെ തന്നെ അപരിചിതയായ ഒരു അമ്മയെ സഹായിക്കാൻ മുൻകൈ എടുത്ത രാജ ബാബുവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.
