പുതിയ ജോലിസ്ഥലത്ത് എത്തിയപ്പോൾ കമ്പനിയിലെ സുരക്ഷാ ജീവനക്കാരൻ തന്റെ ആദ്യ സുഹൃത്തായി മാറിയ മനോഹരമായ അനുഭവം പങ്കുവെച്ച് പൂനെ സ്വദേശിയായ കോമൾ കോത്താവാലെ. എന്നും വൈകിട്ട് 8 മണിക്ക് ജോലി കഴിഞ്ഞ് ഇറങ്ങാറുള്ള കോമൾ, നാട്ടിൽ പോകാനായി ഒരു ദിവസം വൈകിട്ട് 5:30ന് ഇറങ്ങിയപ്പോൾ സുരക്ഷാ ജീവനക്കാരനുണ്ടായ അമ്പരപ്പാണ് കുറിപ്പിനൊപ്പം വീഡിയോയായി പങ്കുവെച്ചത്.
രണ്ടുമാസം മുൻപ് ഗോവയിൽ നിന്ന് പൂനെയിലെ കമ്പനിയിൽ ജോലിക്ക് ചേരാനെത്തിയ ദിവസമാണ് ഇരുവരും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. വലിയ ബാഗുകളുമായി ഓഫീസിലെത്തിയ കോമളിന് ബാഗുകൾ ഉള്ളിലേക്ക് കൊണ്ടുപോകാൻ സാധിക്കുമായിരുന്നില്ല. തുടർന്ന് ഇത് സുരക്ഷാ ജീവനക്കാരന്റെ മുറിയിൽ വെക്കാമോ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹം യാതൊരു മടിയും കൂടാതെ സമ്മതിക്കുകയും ബാഗുകൾ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്തു.
അന്നുമുതൽ എല്ലാ ദിവസവും പരസ്പരം ആശംസകൾ കൈമാറുകയും കൊച്ചു വർത്തമാനങ്ങൾ പറയുകയും ചെയ്യാറുണ്ടെന്ന് കോമൾ ഇൻസ്റ്റാഗ്രാം കുറിപ്പിൽ പറയുന്നു. “അദ്ദേഹമാണ് പുതിയ ജോലിസ്ഥലത്ത് എന്റെ ആദ്യത്തെ സുഹൃത്ത്,” കോമൾ കുറിച്ചു.
സുരക്ഷാ ജീവനക്കാരുടെ കഠിനമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും യുവതി ഓർമിപ്പിച്ചു: “നാട്ടിലേക്ക് പോകുമ്പോൾ മാത്രമാണ് ഇവർക്ക് അവധി ലഭിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം പോലും അവധിയില്ലാതെ ജോലി ചെയ്യുന്ന അവരുടെ ജീവിതം എനിക്ക് വലിയൊരു തിരിച്ചറിവായിരുന്നു.
സ്ഥിരമായി രാത്രി 8 മണിക്ക് ജോലി കഴിഞ്ഞ് പോകുന്ന താൻ 5:30ന് ഇറങ്ങുന്നത് കണ്ട് “ഇത്ര നേരത്തെ പോകുന്നോ?” എന്ന് അദ്ദേഹം ആശ്ചര്യത്തോടെ ചോദിക്കുന്നത് വീഡിയോയിൽ കാണാം. നമുക്ക് ചുറ്റുമുള്ള മനുഷ്യരോട് സംസാരിക്കുന്നതും അവരുടെ ജീവിതം മനസ്സിലാക്കുന്നതും നാം എത്രത്തോളം ഭാഗ്യവാന്മാരാണെന്ന് ഓർമിപ്പിക്കുമെന്നും കോമൾ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ കുറിപ്പും വീഡിയോയും നിരവധി പേരുടെ ഹൃദയം കവർന്നു.
