പ്രണയാഭ്യർഥനകൾ വ്യത്യസ്തമായിരിക്കാനും എന്നും ഓർമയിൽ സൂക്ഷിക്കാനുമായി ആളുകൾ പല വഴികളും ആളുകൾ തെരഞ്ഞെടുക്കാറുണ്ട്, എന്നാൽ അത്തരത്തിലുള്ള മനോഹരമായ ഒരു പ്രണയാഭ്യർഥനയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
യുകെയിലെ ബക്കിംഗ്ഹാംഷെയർ സ്വദേശിയായ ജെയിംസ് വാൾഷ് തന്റെ കാമുകിക്ക് നൽകിയ സർപ്രൈസ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. സ്രാവുകൾ നീന്തിത്തുടിക്കുന്ന അക്വേറിയത്തിനുള്ളിൽ വെച്ചായിരുന്നു ജെയിംസിന്റെ വ്യത്യസ്തമായ പ്രൊപ്പോസൽ!
കാമുകിയായ പേജ് കുക്കിന് സ്രാവുകളെ ഒത്തിരി ഇഷ്ടമാണെന്ന് അറിയാവുന്ന ജെയിംസ് ലിങ്കൺഷെയറിലെ സ്കെഗ്നെസ് അക്വേറിയം അധികൃതരുമായി മുൻകൂട്ടി സംസാരിച്ച് പ്ലാൻ തയ്യാറാക്കുകയായിരുന്നു. സെപ്റ്റംബർ 10നായിരുന്നു സംഭവം. സാധാരണക്കാരെപ്പോലെ മുട്ടുകുത്തി നിന്ന് മോതിരം കൈമാറുന്നതിന് പകരം, ഡൈവിംഗ് സ്യൂട്ടും സ്കൂബ ഗിയറും ധരിച്ച് അക്വേറിയം ടാങ്കിനുള്ളിലേക്ക് ഇരുവരും ഇറങ്ങി.
മറ്റ് ഡൈവർമാരിൽ നിന്ന് ഇരുവരെയും മാറ്റിനിർത്തിയ ശേഷം, “എന്നെ വിവാഹം കഴിക്കാമോ?” എന്ന് എഴുതിയ ബോർഡ് ജെയിംസ് അക്വേറിയത്തിനുള്ളിൽ വെച്ച് പേജിന് മുന്നിൽ ഉയർത്തിപ്പിടിച്ചു. അപ്രതീക്ഷിതമായ ഈ നീക്കത്തിൽ ആശ്ചര്യപ്പെട്ട പേജ് സന്തോഷത്തോടെ ‘OK’ സിഗ്നൽ നൽകി സമ്മതം അറിയിക്കുകയായിരുന്നു.
തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായിരുന്നു ഇതെന്നും ഡൈവിംഗിന്റെ സന്തോഷത്തിനിടയിൽ താൻ ഒരു വലിയ ടാങ്കിനുള്ളിൽ സ്രാവുകൾക്ക് നടുവിലാണെന്ന കാര്യം പോലും കുറച്ചുനേരത്തേക്ക് മറന്നുപോയെന്നും പേജ് പ്രതികരിച്ചു. സംഭവം അക്വേറിയം അധികൃതർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെ നിരവധിയാളുകളാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തിയത്.
F
