താൻ അഭിനയിച്ച ഒരു സിനിമയിലെ സ്വകാര്യ രംഗം അടങ്ങിയ വീഡിയോ ക്ലിപ്പ് ചോർന്നതിനെത്തുടർന്ന് നേരിട്ട മാനസിക സമ്മർദത്തെക്കുറിച്ച് നടി രാധിക ആപ്തെ. വീഡിയോ ചോർന്നതിന് പിന്നാലെ നാല് ദിവസത്തോളം വീടിന് പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടിരുന്നുവെന്നും, തന്റെ ചുറ്റുമുള്ളവർ ആ ദൃശ്യങ്ങൾ കണ്ടത് സാഹചര്യം കൂടുതൽ സങ്കീർണമാക്കിയെന്നും താരം പറഞ്ഞു.
“സ്വകാര്യ രംഗങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കാറുണ്ട്. എന്നാൽ ഞാൻ അഭിനയിച്ച ഒരു രംഗം ചോർന്നപ്പോൾ നാല് ദിവസത്തോളം എനിക്ക് വീടിന് പുറത്തിറങ്ങാൻ പോലും കഴിഞ്ഞില്ല. ഇത്തരം കാര്യങ്ങൾ വളരെ വേഗത്തിൽ നമ്മുടെ വ്യക്തിജീവിതത്തെ ബാധിക്കാം. ആർക്കെങ്കിലും അത് അരോചകമായി തോന്നിയാൽ അവർ നിങ്ങളുടെ വീടിന് മുന്നിലെത്തി ഡോർബെൽ അടിക്കാം. അതുകൊണ്ട് ഇത് അത്ര ലളിതമായ കാര്യമല്ല; സാഹചര്യം വളരെ സങ്കീർണമാകാം,” രാധിക പറഞ്ഞു.
തന്റെ സ്റ്റൈലിസ്റ്റിന്റെ ഡ്രൈവർ വീഡിയോ ആവർത്തിച്ച് കാണുകയും അതേക്കുറിച്ച് സ്റ്റൈലിസ്റ്റിനോട് സംസാരിക്കുകയും ചെയ്ത സംഭവവും രാധിക ഓർത്തെടുത്തു. തന്റെ വാച്ച്മാനും വീഡിയോ കണ്ടിരുന്നുവെന്നും അവർ പറഞ്ഞു. “ഒടുവിൽ ഞാൻ എന്റെ ഡ്രൈവറെയും ‘സ്പോട്ട് ദാദ’യെയും വിളിച്ച് പറഞ്ഞു: ‘ഒരു വീഡിയോ ക്ലിപ്പ് ചോർന്നിട്ടുണ്ട്. നിങ്ങൾ അത് കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലെങ്കിൽ ഞാൻ അത് നിങ്ങൾക്ക് അയച്ചുതരാം.
അത് കാണുക. അതിൽ നിങ്ങൾക്ക് പ്രശ്നമൊന്നുമില്ലെങ്കിൽ എന്നെ സംരക്ഷിക്കണം. അല്ലെങ്കിൽ എന്നോടൊപ്പം ജോലി ചെയ്യേണ്ടതില്ല. ഇതാ നിങ്ങളുടെ ശമ്പളം, നിങ്ങൾക്ക് പോകാം.”തുടർന്ന് ഇരുവരും തന്നെ സംരക്ഷിക്കുമെന്ന് ഉറപ്പുനൽകിയെന്നും രാധിക പറഞ്ഞു.അന്ന് ഒരു അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നതെന്നും അതിനാൽ സംഭവം തന്നെ ഏറെ ഭയപ്പെടുത്തിയെന്നും അവർ വ്യക്തമാക്കി.
