ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ കുടുംബകോടതിക്ക് ഉള്ളിലുണ്ടായ നാടകീയ രംഗങ്ങളുടെ വീഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കോടതി നടപടികൾക്ക് ശേഷം പുറത്തിറങ്ങിയ ഭാര്യയും ഭർത്താവും തമ്മിൽ പരസ്യമായി ഏറ്റുമുട്ടുകയും ഇത് കണ്ട് ബന്ധുക്കൾ കൂടി അതേറ്റ് പിടിച്ചതോടെ സംഭവം വലിയ കൂട്ടത്തല്ലിൽ കലാശിച്ചു.
മഹാരാജ്ഗഞ്ച് ജില്ലാ ആസ്ഥാനത്തെ കുടുംബകോടതിയിൽ നടന്ന അറ്റൻഡൻസ്/മെയിന്റനൻസ് കേസുമായി ബന്ധപ്പെട്ട വാദം കേൾക്കലിന് എത്തിയതായിരുന്നു സമർധീര സ്വദേശിനിയായ പ്രിയ തൃപാഠിയും ഭർത്താവ് കോയിലാടദ് സ്വദേശി മിനിഷ് കുമാർ മിശ്രയും.
ഉച്ചകഴിഞ്ഞ് 2 ഓടെ കോടതി നടപടികൾ പൂർത്തിയായി പുറത്തിറങ്ങിയപ്പോൾ കോടതി വരാന്തയിൽ വച്ച് മിനിഷും ഒപ്പമുണ്ടായിരുന്നു മറ്റൊരാളും ചേർന്ന് തന്നെ ആക്രമിച്ചതായി പ്രിയ പറഞ്ഞു. മിനിഷ് തന്നെ തലമുടിക്ക് പിടിച്ച് വലിച്ച് ആക്രമിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. കഴുത്തുഞെരിച്ച് കൊല്ലാൻ പോലും ശ്രമിച്ചതായി പ്രിയ ആരോപിച്ചു.
തടയാൻ ചെന്ന പിതാവ് ലക്ഷ്മികാന്തിനെയും സഹോദരി പ്രിയങ്കയെയും ഇവർ ആക്രമിച്ചു. കേസ് മുന്നോട്ട് കൊണ്ടുപോയതിന് തനിക്ക് വധഭീഷണിയുള്ളതായും പ്രിയ പറഞ്ഞു.
സംഭവസ്ഥലത്തുണ്ടായിരുന്നവരാരോ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. കോടതി സമുച്ചയത്തിന് ഉള്ളിൽവച്ച് ഇരുവീട്ടുകാരും പരസ്പരം മുഖത്തടിക്കുന്നതും ഇടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവമറിഞ്ഞ് കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.
സംഭവത്തിൽ കോത്വാലി പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വീഡിയോ ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും കോത്വാലി എസ്എച്ച്ഒ ധർമ്മേന്ദ്ര സിംഗ് വ്യക്തമാക്കി.
