കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനോടും യുഡിഎഫ് സർക്കാരിനോടും മുനന്പത്തെ ജനതയ്ക്ക് ഒരേയൊരു ചോദ്യമാണ് ഇപ്പോഴുള്ളത്- വാക്ക് പാലിക്കുമോ? മുനന്പത്തെ ഭൂമി വഖഫല്ലെന്നും ദീർഘനാളായി മുനന്പം ജനത അനുഭവിക്കുന്ന യാതനകൾക്കു പത്തു മിനിട്ടിൽ പരിഹാരം കാണുമെന്നും മുനന്പത്തെത്തിയും മറ്റു വേദികളിലും പ്രഖ്യാപിച്ചതു നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനാണ്. അദ്ദേഹം മുഖ്യമന്ത്രിയായപ്പോൾ മുൻ നിലപാട് തീരുമാനങ്ങളായി മാറുമെന്നും വഖഫ് അവകാശവാദത്തെത്തുടർന്ന് ദുരിതത്തിലായ തങ്ങളുടെ കാലങ്ങളായുള്ള ആവശ്യങ്ങൾക്കു പരിഹാരമുണ്ടാക്കുമെന്നും മുനന്പം നിവാസികൾ കരുതുന്നു.
ഹൈക്കോടതിയിൽനിന്നും സർക്കാരിൽ നിന്നും ചില അനുകൂല നടപടികൾ മുനന്പം വിഷയത്തിൽ ഉണ്ടായെങ്കിലും ഇവിടുത്തെ താമസക്കാരുടെ ഭൂമി ഇപ്പോഴും വഖഫിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടു തന്നെയാണുള്ളത്. അതുകൊണ്ടുതന്നെ ഭൂമിയിലുള്ള പൂർണ അവകാശം പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.നീണ്ട നാളത്തെ നിയമപോരാട്ടത്തിനൊടുവിൽ മുനമ്പത്തെ തർക്കഭൂമി വഖഫ് സ്വത്തല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരുന്നു. വഖഫ് അവകാശവാദമുയർന്ന ഭൂമി ഫാറൂഖ് കോളജിന് 1950ൽ ഇഷ്ടദാനമായി കൈമാറിയ ഭൂമിയാണെന്ന് കോടതി നിരീക്ഷിച്ചു.
69 വർഷത്തിനു ശേഷം അത് വഖഫ് സ്വത്തായി പ്രഖ്യാപിച്ച കേരള വഖഫ് ബോർഡിന്റെ നടപടി നിയമ വിരുദ്ധമാണെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് ഭൂമിയുടെ കരമടയ്ക്കുന്നതിന് പ്രദേശവാസികൾക്ക് അനുവാദവും ലഭിച്ചു. നിരവധി കുടുംബങ്ങൾ പള്ളിപ്പുറം, കുഴുപ്പിള്ളി വില്ലേജ് ഓഫീസുകളിൽ ഭൂമിയുടെ കരമടച്ചു.
ഹൈക്കോടതി വിധിയുടെയും കരമടയ്ക്കാൻ അനുമതി കിട്ടിയതിന്റെയും പശ്ചാത്തലത്തിലാണ് മുനന്പം ഭൂസംരക്ഷണ സമിതി 414-ാം ദിനം നീണ്ട റിലേ നിരാഹാര സമരം അവസാനിപ്പിച്ചത്. തീരമേഖല ഒറ്റക്കെട്ടായിറങ്ങിയ മുനന്പം സമരം കേരളമാകെ ശ്രദ്ധനേടിയിരുന്നു.അതേസമയം മുനന്പത്തെ ഭൂമി ഇപ്പോഴും വഖഫിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടുതന്നെയാണുള്ളത്.
അതുകൊണ്ട് പൂർണമായ റവന്യൂ അവകാശം ഭൂവുടമകൾക്ക് ഇനിയും ലഭിച്ചിട്ടില്ല. വഖഫ് രജിസ്റ്ററിൽ 2019 – 41 നമ്പറിലാണ് മുനമ്പത്തെ 404.76 ഏക്കർ ഭൂമി ഉൾപ്പെടുത്തിയത്. ഇത് മുനന്പം വിഷയത്തെ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. ഭൂമിയുടെ പോക്കുവരവ് നടത്താനാകണം, ക്രയവിക്രയം സാധ്യമാകണം. ഇതാണ് ജനങ്ങളുടെ ആവശ്യം. ഇതിനു സർക്കാരിന്റെ ഭാഗത്തു നിന്നു കൃത്യതയുള്ള നടപടികളാണ് ഇനി ഉണ്ടാകേണ്ടത്.
- സിജോ പൈനാടത്ത്
