ഇറ്റലിയിലെ ഒരു ആഡംബര റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികൾക്ക് ലഭിച്ച മെനു കാർഡുകളിലെ വ്യത്യാസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഭർത്താവിന് നൽകിയ മെനുവിൽ വിഭവങ്ങളുടെ വില കൃത്യമായി രേഖപ്പെടുത്തിയിരുന്നപ്പോൾ, ഭാര്യയായ ലൈന ഡാനിയേലിന് നല്കിയ മെനു കാർഡിൽ വിലവിവരങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.
ഇറ്റലിയിലെ ലേക്ക് കോമോയിലുള്ള ‘ഗ്രാൻഡ് ഹോട്ടൽ ട്രെമെസ്സോ’യിലാണ് സംഭവം.
സ്ത്രീകൾക്ക് നൽകുന്ന മെനുവിൽ വില രേഖപ്പെടുത്താത്ത ഈ പരമ്പരാഗത രീതി തനിക്ക് ഇറ്റലിയിൽ നിന്ന് ആദ്യമായല്ല അനുഭവപ്പെടുന്നതെന്നും, റോമിലെ ത്രീ മഷ്ലിൻ സ്റ്റാർ റെസ്റ്റോറന്റിലും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഫിനാൻസ് കണ്ടന്റ് ക്രിയേറ്ററായ
ലൈന ഡാനിയേൽ തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറയുന്നു.
വില അറിയാതെ ഭക്ഷണം ഓർഡർ ചെയ്ത ലൈനയ്ക്ക് ഒടുവിൽ ലഭിച്ച ബില്ലാണ് വലിയ അമ്പരപ്പുണ്ടാക്കിയത്. രണ്ട് ഡ്രിങ്ക്സിന് ഏകദേശം 11,514 രൂപയും ($120) ബെർത്ത്ഡേ ഡെസേർട്ടിന് 13,433 രൂപയുമാണ് ($140) ഈടാക്കിയത്. ടിപ്പ് ഉൾപ്പെടെ ആകെ 88,947 രൂപ ($926.86) ബില്ലായി നൽകേണ്ടി വന്നു. തങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന തുകയാണ് ബില്ലായി വന്നതെന്നും, ഭക്ഷണത്തിന് പറയത്തക്ക പ്രത്യേകതയൊന്നും ഉണ്ടായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
4.1 മില്യണിലധികം ആളുകൾ കണ്ട ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ലിംഗസമത്വത്തെക്കുറിച്ചും സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള വൻ വാദപ്രതിവാദങ്ങൾക്ക് വഴിതുറന്നു. ആരാണ് പണം നൽകുന്നത് എന്നതിനേക്കാൾ സുതാര്യതയ്ക്കാണ് പ്രാധാന്യമെന്ന് ഒരു വിഭാഗം വാദിച്ചപ്പോൾ, പണ്ടുകാലം മുതലേ തുടരുന്ന മാന്യമായ ഒരു വിഐപി സംസ്കാരമാണിതെന്ന് മറ്റ് ചിലർ അഭിപ്രായപ്പെട്ടു.
