ന്യൂഡൽഹി: ചണ്ഡീഗഡിൽ നിന്ന് ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലുള്ള സ്വന്തം ഗ്രാമത്തിലേക്ക് സൈനിക ഉദ്യോഗസ്ഥനായ സുബേദാർ മേജർ സത്യവാന്റെ ഭൗതികശരീരവുമായി പോയ ആംബുലൻസ് പൂർവാഞ്ചൽ എക്സ്പ്രസ്വേയിൽ വെച്ച് സ്റ്റേഷനറി ട്രക്കുമായി കൂട്ടിയിടിച്ച് വൻ ദുരന്തം. ഞായറാഴ്ച രാവിലെ അയോധ്യ-സുൽത്താൻപൂർ അതിർത്തിയിലെ ഹലിയാപൂർ പ്രദേശത്തുവെച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ സൈനികന്റെ മകൻ ഗൗരവ് സിംഗ് (28), ആംബുലൻസ് ഡ്രൈവർ ജസ്പാൽ (30) എന്നിവർ സംഭവസ്ഥലത്തും, സൈനികന്റെ സഹോദരൻ രാജ്ൻ ചൗധരി (35), സഹോദരിയുടെ മകൻ രാം സമൂജ് സിംഗ് (40) എന്നിവർ ചികിത്സയ്ക്കിടെ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്.
സൈനികന്റെ ഭൗതികശരീരത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിലെ എല്ലാ പുരുഷന്മാരും ആംബുലൻസ് ഡ്രൈവറുമാണ് ഈ ദാരുണ സംഭവത്തിൽ ജീവൻ വെടിഞ്ഞത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
