തിരുവനന്തപുരം: എംസി റോഡ് നവീകരണ കരാറെടുത്ത പതിബെൽ കന്പനി എൻജിനിയറുടെ ആത്മഹത്യയിലേക്കു നയിച്ച അഴിമതി ആരോപണത്തിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് വിജിലൻസ് അന്വേഷണത്തിനു നിർദേശം നൽകിയത്.
പാതിവഴി നിലച്ച അന്വേഷണം
ഗൗരവമുള്ള വിഷയമായതിനാലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മന്ത്രി പറഞ്ഞു. ഗ്യാനേഷ് കുമാർ 2006ൽ സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലയളവിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. നേരത്തേ അന്വേഷണം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടിരുന്നു. വിഷയം നിയമപരമായി പൂർണമായി പരിശോധിച്ച ശേഷമാണ് വിജിലൻസിന് നിർദേശം നൽകിയത്. മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയിൽ കഴന്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് നടപടിയെടുത്തതെന്നു മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷമാണ് വിജിലൻസ് ഡയറക്ടർക്ക് അന്വേഷണം നടത്താൻ നിർദേശം നൽകിയത്. കേസെടുക്കുന്നതുമായി ബന്ധപ്പെട്ടു നിയമോപദേശവും തേടിയിരുന്നു. അഴിമതി ഉൾപ്പടെയുള്ള ആരോപണങ്ങൾ അന്വേഷണവിധേയമാക്കും.
ലോക ബാങ്ക് ധനസഹായത്തോടെ കേരളത്തിലെ റോഡുകൾ നവീകരിക്കാൻ രൂപവത്കരിച്ച കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടുമായി ബന്ധപ്പെട്ട് മലേഷ്യൻ, കൊച്ചി കന്പനി കണ്സോർഷ്യമായ പതിബെലാണ് കരാർ ഏറ്റെടുത്തത്. മലേഷ്യൻ സ്വദേശിയും എൻജിനിയറുമായ ലീ സി ബെൻ ആയിരുന്നു പ്രോജക്ട് മാനേജർ. റോഡ് നിർമാണം മുന്നോട്ടു പോകുന്നതിനിടെ മലേഷ്യയിലെ ക്വാലാലംപുരിൽ തിരിച്ചെത്തിയ ലീ സി ബെൻ രണ്ടു കുറിപ്പുകൾ എഴുതിവച്ച് ആത്മഹത്യ ചെയ്തു. പൊതുമരാമത്ത് വകുപ്പിനും ഉദ്യോഗസ്ഥർക്കും എതിരേ കുറ്റാരോപണങ്ങളായിരുന്നു ആത്മഹത്യ കുറിപ്പിൽ. ബില്ലുകൾ യഥാസമയം പാസാക്കാതെ തടഞ്ഞുവച്ചു, കൈക്കൂലി ആവശ്യപ്പെട്ടിട്ട് കൊടുക്കാത്തതിനാൽ ശത്രുതയോടെ പെരുമാറി തുടങ്ങി നിരവധി ആരോപണങ്ങൾ കത്തിലുണ്ടായിരുന്നു.
ഉദ്യോഗസ്ഥർക്കെതിരേ ഗുരുതര ആരോപണം
ലീ സി ബെന്നിന്റെ ആത്മഹത്യയെത്തുടർന്ന് അന്നത്തെ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്നു മാറ്റി. വിജിലൻസ് അന്വേഷണം നടത്തിയെങ്കിലും മുന്നോട്ടുപോയില്ല എന്ന പരാതിയുണ്ടായി. അന്വേഷണം അട്ടിമറിച്ചു എന്ന ആരോപണങ്ങൾ ശക്തമായി.
ലീ സി ബെന്നിന്റെ ആത്മഹത്യാക്കുറിപ്പുകളിൽ ഗ്യാനേഷ് കുമാറിന്റെ പേര് പരാമർശിച്ചിട്ടുണ്ട്. നേരത്തേ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട പരാതിയിലും അന്വേഷണത്തിലുമാണ് ഇപ്പോൾ നിയമപരമായ തുടർനടപടികൾ സ്വീകരിക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ എന്ന പദവിയുടെ സംരക്ഷണം അന്വേഷണത്തിന് തടസമാകില്ല. നിയമപരമായി പരിശോധിച്ച് ആവശ്യമായ നടപടികളുമായി വിജിലൻസ് മുന്നോട്ടുപോകും- രമേശ് ചെന്നിത്തല പറഞ്ഞു.
ഏകപക്ഷീയ തീരുമാനങ്ങൾ പരിശോധിക്കും; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന ആരോപണങ്ങളിൽ സുപ്രീംകോടതി ഇടപെടുന്നു. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഹർജികൾ പരിഗണിച്ച് നോട്ടീസ് അയച്ചത്.
ക്രിമിനൽ നടപടി നേരിടുന്നതിൽ നിന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരിരക്ഷ നൽകുന്ന വ്യവസ്ഥകളുടെ സാധുതയും കോടതി പരിശോധിക്കും. ഏകപക്ഷീയമായ തീരുമാനങ്ങൾ തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് വേണമെന്ന ഹർജിക്കാരുടെ ആവശ്യം തൽക്കാലത്തേക്ക് കോടതി അംഗീകരിച്ചില്ല. എങ്കിലും തീരുമാനങ്ങൾ ഏകപക്ഷീയമല്ലെന്ന് ബോധ്യപ്പെട്ടില്ലെങ്കിൽ അവ റദ്ദാക്കുമെന്ന് ബെഞ്ചിലംഗമായ ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി വ്യക്തമാക്കി.
ഡൽഹിയിലെ എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട് ഫോം ആറിൽ രണ്ട് അധിക വ്യവസ്ഥകൾ ചേർത്തു. ഈ രീതിയിൽ ഫോം ആറ് മാറ്റാൻ കഴിയില്ലെന്നും ഹർജിക്കാരിക്ക് വേണ്ടി ഹാജരായ മേനക ഗുരുസ്വാമി വാദിച്ചു. എന്നാൽ ഫോം ആറിൽ വരുത്തിയ ഭേദഗതികൾക്ക് തങ്ങൾ അംഗീകാരം നൽകിയിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നീതിപൂർവകവും സുതാര്യവുമായ തെരഞ്ഞെടുപ്പുകളാണ് രാജ്യത്തിന്റെ വളർച്ചയ്ക്ക് കാരണം.
വോട്ടവകാശം ഭീഷണി നേരിടുന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നതെന്നും മേനക ഗുരുസ്വാമി ചൂണ്ടിക്കാണിച്ചു. ഇതിന് മറുപടിയായി കേസിനെക്കുറിച്ച് തങ്ങൾ കൃത്യമായി ഗൃഹപാഠം ചെയ്തിട്ടുണ്ടെന്നും കാര്യങ്ങളിൽ ബോധ്യമുണ്ടെന്നും ചീഫ് ജസ്റ്റീസ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഒന്നിച്ച് തുടർവാദത്തിനായി കോടതി മാറ്റി.
വോട്ടവകാശം ഇല്ലാതാക്കുന്നതിനെതിരേ സുപ്രീംകോടതി ജഡ്ജി
ന്യൂഡൽഹി: ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ വോട്ടവകാശം ഇല്ലാതാക്കി അവരെ സ്വന്തം രാജ്യത്തു രണ്ടാംകിടക്കാരാക്കി മാറ്റുന്ന ഏതു നടപടിയും തികച്ചും ഏകപക്ഷീയവും ഭരണഘടനാലംഘനവുമാണെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ഉജ്ജ്വൽ ഭുയാൻ.
വോട്ടവകാശമുള്ളവരെന്നും ഇല്ലാത്തവരെന്നും രണ്ടുതരം പൗരന്മാരെ ഭരണഘടന വിഭാവനം ചെയ്യുന്നില്ല. ഇത്തരം നടപടികളെ യാതൊരു ന്യായീകരണങ്ങൾ കൊണ്ടും വെള്ളപൂശാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ പൗരന്മാരുടെ വോട്ടവകാശം കൂട്ടത്തോടെ തടയുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 326, ആർട്ടിക്കിൾ 14 എന്നിവയുടെ നഗ്നമായ ലംഘനമാണ്. ഭരണഘടനാസ്ഥാപനങ്ങൾ ഉൾപ്പടെ ഒരു ഏജൻസിക്കും ഇതിന് അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈദരാബാദിലെ നൽസാർ യൂണിവേഴ്സിറ്റി ഓഫ് ലോയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തെ (എസ്ഐആർ) തുടർന്ന് രാജ്യത്തെ 13 കോടിയോളം വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടെന്ന വാർത്തകൾ പുറത്തുവരികയും ഇതിനെതിരേ പ്രതിപക്ഷ പ്രതിഷേധവും തെരുവുസമരങ്ങളും കനക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ജഡ്ജിയുടെ നിർണായക പരാമർശം.
വോട്ട് ചെയ്യുന്നത് മൗലികാവകാശമല്ലെങ്കിലും അതൊരു ഭരണഘടനാപരമായ അവകാശമാണെന്ന് സുപ്രീംകോടതി പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റീസ് ഉജ്ജ്വൽ ഭുയാൻ പറഞ്ഞു.
ഒരു പൗരന് മുൻകൂട്ടി നോട്ടീസ് നൽകാതെയും വാദം കേൾക്കാതെയും വോട്ടർ പട്ടികയിൽനിന്നു പേര് നീക്കം ചെയ്യാൻ ആർക്കും അധികാരമില്ല (മരിച്ചവരുടെ കാര്യത്തിലൊഴികെ). വോട്ടവകാശം തട്ടിയെടുക്കുന്നതു ശരീരത്തിൽനിന്ന് ആത്മാവിനെ വേർപെടുത്തുന്നതിന് തുല്യമാണ്.
പദവിയോ സാമ്പത്തിക സ്ഥിതിയോ നോക്കാതെ, സമൂഹത്തിലെ എല്ലാ തട്ടുകളിലുമുള്ള പൗരന്മാരുടെ വോട്ടിനും ഒരേ മൂല്യമാണുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
