തിരുവനന്തപുരം: വർഷങ്ങൾക്കുമുന്‍പ് സർവീസിൽ പ്രവേശിച്ച ഉയർന്ന യോഗ്യതയുള്ള അധ്യാപകരുടെ സർവീസ് അപ്രൂവൽ, റെഗുലറൈസേഷൻ, പ്രൊബേഷൻ, ഇൻക്രിമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ അനിശ്ചിതത്വം തുടരുന്നു. പിഎസ്സി വിജ്ഞാപനപ്രകാരമുള്ള യോഗ്യതയോടെ സർവീസിൽ പ്രവേശിച്ച നൂറുകണക്കിന് അധ്യാപകരാണ് വിവിധ സർക്കാർ ഓഫിസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയിൽ തുടരുന്നത്.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങളും വിദ്യാഭ്യാസ വകുപ്പ് ഓഫിസുകളിലെ ഏകോപനമില്ലായ്മയുമാണ് അധ്യാപകർ ജോലിയിൽ പ്രവേശിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ശന്പളമോ പ്രൊബേഷനോ ഇൻക്രിമെന്റോ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാതെയുള്ള പ്രതിസന്ധി സൃഷ്ടിച്ചത്.
2019, 2023 വർഷങ്ങളിൽ നിയമനം നേടിയവരാണ് ദുരിതത്തിൽ തുടരുന്നത്. ജോലിയിൽ പ്രവേശിച്ചഘട്ടത്തിൽ തന്നെ സർക്കാർ നിഷ്കർഷിച്ച ഉയർന്ന യോഗ്യതകളായ നെറ്റ്, സെറ്റ്, എംഎഡ്, എംഫിൽ, പിഎച്ച്ഡി തുടങ്ങിയവ അധ്യാപകർ നേടിയിരുന്നു.
വർഷങ്ങൾക്കുശേഷം കോടതി വിധി പ്രകാരം കെ.ടെറ്റ് പരീക്ഷയും നിശ്ചിത സമയത്തിനുള്ളിൽ അധ്യാപകർ പാസായി. ഇവരുടെ അപ്രൂവൽ ഉൾപ്പടെയുള്ള കാര്യങ്ങൾ വൈകുന്നതിനു ന്യായീകരണമായി പലപ്പോഴും സർക്കാർ മുന്നോട്ടുവച്ച വാദം ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട റോസ്റ്റർ ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നതായിരുന്നു. എന്നാൽ റോസ്റ്റർ പൂർത്തിയായി സർക്കാർ അംഗീകാരം നൽകിയിട്ടും പല വിദ്യാഭ്യാസ ഉപജില്ലാ, ജില്ലാ ഓഫിസുകളിലും ഫയലുകൾ തീർപ്പാക്കാതെ മെല്ലെപ്പോക്ക് തുടരുന്നതായാണ് അധ്യാപകരുടെ പരാതി.
എഇഒ, ഡിഇഒ ഓഫിസുകളിൽനിന്നു വ്യത്യസ്തമായ ഉത്തരവുകളാണ് ഇതുസംബന്ധിച്ച് ഇറങ്ങുന്നതെന്നും ചില ഓഫിസുകളിൽ സർവീസ് ക്രമവത്കരിച്ചു നൽകുന്പോൾ, മറ്റുചിലയിടങ്ങളിൽ അകാരണമായി നിരസിക്കുകയോ വൈകിപ്പിക്കപ്പെടുകയോ ചെയ്യുന്നുവെന്നും അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു.
ചില ഓഫിസുകളിൽ സർവീസ് ക്രമവത്കരിച്ചു നൽകുന്പോൾ കെ-ടെറ്റ് ലഭ്യമായ സമയം മുതലാണ് നിയമന അംഗീകാരം, പ്രൊബേഷൻ, ഇൻക്രിമെന്റ് തുടങ്ങിയവയ്ക്ക് പരിഗണിക്കുന്നതെന്നും ഇതു ഭരണഘടനാപരമായ തുല്യനീതിയുടെ ലംഘനമാണെന്നും അധ്യാപകർ പരാതിയായി ഉന്നയിക്കുന്നുണ്ട്.
ഡിഇഒ, എഇഒ തലത്തിൽ ഉദ്യോഗസ്ഥർ സ്വന്തം രീതിയിലുള്ള നീക്കങ്ങൾ നടത്തുന്നതോടെ ദുരിതത്തിലാകുന്നത് അധ്യാപകരാണ്.
പൊതുവിദ്യാഭ്യാസ മന്ത്രിതന്നെ വിഷയത്തിൽ ഇടപെട്ട് നിയമാനുസൃതം ലഭിക്കേണ്ട സർവീസ് ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും ഏകീകൃത ഉത്തരവ് പുറപ്പെടുവിക്കണമെന്നുമാണ് അധ്യാപകരുടെ ആവശ്യം.
മാര്‍ തോമസ് തറയിലുമായി വിദ്യാഭ്യാസമന്ത്രി ചര്‍ച്ച നടത്തി
ചങ്ങനാശേരി: അധ്യാപക നിയമന ഉത്തരവുകളിലെ ആശങ്കകളും പ്രശ്നങ്ങളും പരിഹരിച്ച് മുന്നോട്ട് പോകുമെന്നും ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ടുള്ള അധ്യാപക നിയമനങ്ങളിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍. ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തെത്തി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി എന്‍. ഷംസുദീന്‍.
കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സഭകള്‍ നല്‍കുന്നത് നിസ്തുലമായ സംഭാവനകളാണെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു. മാനേജ്മെന്റ ുകളുടെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശങ്ങളില്‍ കെസിബിസി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രി ആര്ച്ച്ബിഷപുമായി വിദ്യാഭ്യാസ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയത്.
ഹയര്‍ സെക്കന്‍ഡറി ബാച്ചുകളുടെ ക്ഷാമം കണക്കിലെടുത്താണ് മലപ്പുറത്ത് അധിക ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ നല്‍കിയതെന്ന് മന്ത്രി എന്‍. ഷംസുദ്ദീന് മാധ്യമങ്ങളോടു പറഞ്ഞു. എസ്എസ്എല്‍സി വിജയശതമാനം കൂടുന്നതിനനുസരിച്ച് ഹയര്‍ സെക്കന്‍ഡറി സീറ്റുകളില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സ്കൂള്‍ ഗെയിംസ് നീന്തല്‍ മത്സരവേദിയിലെ അപകടത്തിനു കാരണം അപ്രതീക്ഷിതമായുണ്ടായ വലിയ കാറ്റും മഴയുമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മന്ത്രിയുമായി ചര്‍ച്ച ചെയ്തുവെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പറഞ്ഞു. നിയമന ഉത്തരവുകളിലെ അവ്യക്തത ഭാവിയില്‍ എയ്ഡഡ് വിദ്യാഭ്യാസമേഖലയ്ക്കും മാനേജ്മെന്റിനും ബുദ്ധിമുട്ടാകും. ഇത് പൊതുപ്രശ്നമായി കണ്ട് പരിഹരിക്കാമെന്ന ഉറപ്പാണ് മന്ത്രിയില്നിന്നു ലഭിച്ചിരിക്കുന്നത്. ഭിന്നശേഷി നിയമന വിഷയങ്ങളുമായി ബന്ധപ്പെട്ടു നിലനിന്ന ചില പ്രശ്നങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു പരിഹരിക്കുന്നതിനു കഴിഞ്ഞിട്ടുണ്ടെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.
പെന്ഷനാകുന്നവര്ക്കും കെ ടെറ്റ് നിര്‍ബന്ധമാക്കാന്‍ നീക്കം
പത്തനംതിട്ട: അഞ്ച് വര്‍ഷത്തില്‍ കുറവ് സര്‍വീസുള്ള അധ്യാപകരെ കെ ടെറ്റ് പരീക്ഷ പാസാകുന്നതില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേ ആനുകൂല്യങ്ങള്‍ അടക്കം വിദ്യാഭ്യാസ വകുപ്പ് തടഞ്ഞുവയ്ക്കുന്നു. അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനു കെ ടെറ്റ് വേണമെന്ന് കോടതി ഉത്തരവ് നിലവിലുണ്ട്. ഇതിന്റെ മറപിടിച്ചാണ് ഗ്രേഡ് പ്രമോഷനടക്കം കെ ടെറ്റ് നിര്‍ബന്ധമാക്കാന്‍ നീക്കം നടക്കുന്നത്. കെ ടെറ്റ് ഇല്ലെന്ന പേരില്‍ പല വിദ്യാഭ്യാസ ഓഫിസുകളിലും അധ്യാപകരുടെ ഗ്രേഡ് പ്രമോഷന് തടഞ്ഞുവച്ചിരിക്കുകയാണ്. വാര്‍ഷിക ഇന്‍ക്രിമെന്റ്, ഹയര്‍ ഗ്രേഡ് ഇവയും പലയിടത്തും തടഞ്ഞിരിക്കുകയാണ്.
പതിറ്റാണ്ടുകളുടെ സര്‍വീസും അമ്പതു വയസിനുമേലുള്ളതുമായ അധ്യാപകര്‍ ഇനി ഒരു കെ ടെറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയെന്നത് അപ്രായോഗികമാണെന്ന് പറയുന്നു. സര്‍വീസില്‍ നിന്നു വിരമിക്കാറാകുമ്പോള്‍ വീണ്ടും ഒരു പരീക്ഷ പാസായെങ്കിലേ ഹയര്‍ ഗ്രേഡ് ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ നല്‍കാനാകൂവെന്ന നിലപാട് ചില ഉദ്യോഗസ്ഥരുടേതാണെന്നാണ് ആക്ഷേപം. പ്രമോഷന് തസ്തികയിലേക്കാണ് കെ ടെറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളതെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാണ്. ഇതിന്റെ മറപിടിച്ച് അധ്യാപകരെ മാനസികമായി ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണ് വിദ്യാഭ്യാസ വകുപ്പില്‍ നടക്കുന്നതെന്ന ആക്ഷേപവുമായി വിവിധ അധ്യാപക സംഘടനകളും രംഗത്തെത്തി. കെ ടെറ്റ് നിബന്ധന പെന്ഷന് ആനുകൂല്യങ്ങളെയും തടസപ്പെടുത്തുമോയെന്ന ആശങ്കയും നിലനില്ക്കുന്നു.
