റായ്പൂരിൽ കുട്ടിയുമായി നിൽക്കുകയായിരുന്ന വയോധികന് നേരെ കാളയുടെ ക്രൂരമായ ആക്രമണം. വീടിന് പുറത്തുനിന്ന വയോധികനെ കാള പെട്ടെന്ന് ആക്രമിച്ച് താഴെയിടുകയായിരുന്നു. ഈ നടുക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
കുട്ടിയെ കയ്യിലെടുത്ത് നിൽക്കുകയായിരുന്ന വയോധികന് നേരെയാണ് കാള പാഞ്ഞടുത്തത്. ഇടിയേറ്റ് അദ്ദേഹം നിലത്തു വീണെങ്കിലും കാള കൊമ്പുകൾ കൊണ്ട് വീണ്ടും ആക്രമിക്കുകയായിരുന്നു. കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ആക്രമണത്തിനിടയിൽ വയോധികൻ ഒരു ഇരുമ്പ് തൂണിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു. ഇതിനിടയിലും കാള ആക്രമണം തുടർന്നു. തുടർന്ന് വീടിനുള്ളിൽ നിന്ന് ഓടിയെത്തിയ രണ്ട് സ്ത്രീകൾ കുട്ടിയെ സുരക്ഷിതമായി എടുത്തുമാറ്റുകയും വയോധികനെ വീടിനുള്ളിലേക്ക് സഹായിച്ച് കയറ്റുകയും ചെയ്തു.
തെരുവ് നായ്ക്കളുടെ കടിയേറ്റതിനെ തുടർന്നാണ് കാളയ്ക്ക് ഇത്രയധികം ആക്രമണസ്വഭാവം ഉണ്ടായതെന്ന് പ്രദേശിക കൗൺസിലർ അശു ചന്ദ്രവംശി വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് നഗരത്തിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്ന കന്നുകാലികളെ പിടികൂടാൻ മുനിസിപ്പൽ കോർപ്പറേഷൻ പ്രത്യേക പരിശോധന ആരംഭിച്ചു. റായ്പൂർ നഗരത്തിൽ തെരുവ് കന്നുകാലികൾ സ്വൈരവിഹാരം നടത്തുന്നത് ജനങ്ങളിൽ ആശങ്ക പരത്തിയിട്ടുണ്ട്.
