റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം; വിമാന സർവീസുകൾ തടസപ്പെട്ടു
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ സുരക്ഷാപ്രശ്നങ്ങളെയും വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണ ഭീഷണികളെയും തുടർന്ന് വിമാന സർവീസുകൾ തടസപ്പെട്ടു. സൗദി അറേബ്യയിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതികളുടെ മിസൈൽ ആക്രമണ അവകാശവാദങ്ങളെത്തുടർന്നുണ്ടായ സുരക്ഷാ ആശങ്കകളുടെ പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾ റദ്ദാക്കിയത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) നിന്ന് റിയാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളും ആകാശ എയറിന്റെയും സൗദിയയുടെയും സർവീസുകളും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റദ്ദാക്കിയിട്ടുണ്ട്.
ഡൽഹിയിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി ഡൽഹിയിൽതന്നെ തിരിച്ചിറക്കി. കൂടാതെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികൾ റിയാദിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
റിയാദിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് എയർലൈനുകളുടെ കസ്റ്റമർ കെയർ സെന്ററുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
റിയാദ് വിമാനത്താവളത്തിൽ തീപിടിത്തം
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ടു യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ നടത്തുന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ മേഖലയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരേ ഇന്നലെയുണ്ടായ ആക്രമണശ്രമത്തിനിടെ നിർത്തിയിട്ടിരുന്ന ഒരു വിമാനത്തിന് തീപിടിച്ചു. എന്നാൽ തീപിടിത്തം ഉടൻതന്നെ നിയന്ത്രണവിധേയമാക്കാൻ അധികൃതർക്കു സാധിച്ചു.
റിയാദിനും ഖമീസ് മുഷൈതിനും നേരേ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സൗദി വ്യോമപ്രതിരോധ സംവിധാനം തകർത്തു. എന്നാൽ, തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് റിയാദിലെ ഒരു കിന്റർഗാർട്ടനും മെഡിക്കൽ ക്ലിനിക്കിനും കേടുപാടുകൾ സംഭവിച്ചു. എണ്ണകേന്ദ്രങ്ങൾക്കും പ്രമുഖ സാമ്പത്തികകേന്ദ്രങ്ങൾക്കും നേരേ ഭീഷണിയുള്ളതിനാൽ റിയാദിലെ പ്രമുഖ സ്ഥാപനങ്ങൾ ജീവനക്കാരോടു വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിമാനത്താവളങ്ങളെയും എണ്ണ ഉത്പാദനകേന്ദ്രങ്ങളെയും ലക്ഷ്യമിട്ടു നടത്തുന്ന ആക്രമണങ്ങളിൽ വിദേശ പൗരന്മാർ ഉൾപ്പടെ മൂന്നുപേർ കൊല്ലപ്പെടുകയും 36 പേർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
2022ൽ താത്കാലികമായി നിർത്തിവച്ച യെമനിലെ ആഭ്യന്തരയുദ്ധം വീണ്ടും രൂക്ഷമായതോടെ ബാബ് അൽ മന്ദേബ് കടലിടുക്ക് ഉൾപ്പടെയുള്ള തന്ത്രപ്രധാന മേഖലകളിൽ പോരാട്ടം രൂക്ഷമാണ്. ഇത് കടുത്ത മാനുഷിക പ്രതിസന്ധിക്കാണു വഴിവച്ചിരിക്കുന്നത്.
സൗദിയിലേക്ക് സിറിയൻ സേന; റിയാദിൽ സ്ഫോടനങ്ങൾ
റിയാദ്: ഹൂതി വ്യോമാക്രമണം നേരിടുന്ന സൗദിയിൽ സിറിയൻ സേനയെ വിന്യസിക്കാൻ ആലോചന. സിറിയ ഇതിനു തയാറായേക്കുമെന്നാണു വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചത്.
ഹൂതി ആക്രമണത്തിൽനിന്നു സൗദിയെ സംരക്ഷിക്കാൻ പ്രതിരോധത്തിലൂന്നിയ സഹായം നൽകൽ, ഹൂതികളെ നേരിടുന്ന യെമനിലെ ഔദ്യോഗിക ഭരണകൂട സേനയ്ക്കൊപ്പം പോരിനിറങ്ങൽ എന്നീ രണ്ടു സാധ്യതകൾ സിറിയൻ പ്രസിഡന്റ് അൽ ഷാരയുടെ ഭരണകൂടം പരിഗണിക്കുന്നുണ്ട്.
അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതോടെ ആരംഭിച്ച പശ്ചിമേഷ്യാ സംഘർഷം വിപുലമാക്കുന്ന നടപടിയാകും സിറിയൻ രംഗപ്രവേശം. ഇറാനെ പിന്തുണയ്ക്കുന്ന ഹൂതികൾ സൗദിയെ ആക്രമിക്കുന്നത് ഇപ്പോൾത്തന്നെ ആഗോളതലത്തിൽ വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
ഇതിനു പുറമേ സൈനിക സഖ്യത്തിന്റെ ഭാഗമായ പാക്കിസ്ഥാനോടും തുർക്കിയോടും സൗദി സഹായം തേടിയിട്ടുണ്ടെന്നാണു വിവരം. സൈനികശക്തിയിൽ മുന്നിൽ നിൽക്കുന്ന ഈ രണ്ടു രാജ്യങ്ങൾ സൗദിക്ക് പ്രതിരോധത്തിലൂന്നിയ സഹായം നൽകിയേക്കും.
ഇതിനിടെ, സൗദിയിലെ വിമാനത്താവളങ്ങളും എണ്ണവ്യവസായ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂതി ആക്രമണം തുടരുന്നുണ്ട്. റിയാദിൽ ഇന്നലെ രാവിലെ വലിയ സ്ഫോടനശബ്ദങ്ങളുണ്ടായി. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേർക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തതായി ഹൂതികൾ അറിയിച്ചു.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ റിയാദ്, ആബ വിമാനത്താവളങ്ങളിലുണ്ടായ വ്യോമാക്രമണങ്ങളിൽ മൂന്നു പേർ കൊല്ലപ്പെട്ടതായി സൗദി അറിയിച്ചിരുന്നു.
ഇന്ത്യൻ വിമാനക്കന്പനികൾ സർവീസ് നിർത്തിവച്ചു
സുരക്ഷാസാഹചര്യം മുൻനിർത്തി പ്രമുഖ വിമാനക്കന്പനികൾ റിയാദിലേക്കുള്ള സർവീസുകൾ റദ്ദാക്കി. ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവ റിയാദിലേക്കുള്ള തങ്ങളുടെ സർവീസുകൾ നാളെവരെ താത്കാലികമായി റദ്ദാക്കിയതായി അറിയിച്ചു.
ഡൽഹിയിൽനിന്ന് റിയാദിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ആക്രമണവാർത്ത പുറത്തുവന്നതോടെ അറബിക്കടലിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ഗുജറാത്തിനു മുകളിൽവച്ച് യാത്ര തിരിച്ചുവിട്ട് ഡൽഹിയിൽത്തന്നെ സുരക്ഷിതമായി തിരിച്ചിറക്കി. കേരളത്തിൽനിന്നുപോയ ചില സർവീസുകൾ റിയാദിലിറങ്ങാതെ മടങ്ങുന്നതായും റിപ്പോർട്ടുണ്ട്. സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായി റീഫണ്ട് ചെയ്യാനോ അധിക നിരക്കുകളില്ലാതെ മറ്റു തീയതികളിലേക്കു മാറ്റി നൽകാനോ തയാറാണെന്ന് വിമാനക്കമ്പനികൾ അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷം സുരക്ഷാഅനുമതി ലഭിക്കുന്ന മുറയ്ക്ക് സർവീസുകൾ പുനരാരംഭിക്കും.
