ന്യൂഡൽഹി: തീവണ്ടി യാത്രയ്ക്കിടെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പർ തീർന്നുപോയ ഒഡീഷ സ്വദേശിക്ക് തുണയായി ഇന്ത്യൻ റെയിൽവേ. സഹായത്തിനായി ‘റെയിൽ മദദ്’ ആപ്പിൽ പരാതി നൽകി വെറും പത്ത് മിനിറ്റിനുള്ളിൽ റെയിൽവേ അധികൃതർ പ്രശ്നം പരിഹരിച്ചു.
യാത്രയ്ക്കായി ആവശ്യത്തിന് ഡയപ്പർ കരുതിയിരുന്നെങ്കിലും യാത്രാമധ്യേ ഇവ തീർന്നുപോവുകയായിരുന്നു. തുടർന്ന് യാത്രക്കാരനായ ദേബിപ്രസാദ് എന്നയാൾ റെയിൽവേയുടെ ‘റെയിൽ മദദ്’ പ്ലാറ്റ്ഫോമിൽ രാവിലെ 10:07ന് പരാതി രജിസ്റ്റർ ചെയ്തു.
പരാതി നൽകി പത്ത് മിനിറ്റിനുള്ളിൽ തന്നെ റെയിൽ മദദ് അധികൃതരുടെയും പാന്റ്ട്രി കാർ മാനേജരുടെയും ഫോൺ കോളുകൾ അദ്ദേഹത്തിന് ലഭിച്ചു. അടുത്ത സ്റ്റേഷനിൽ വെച്ച് ആവശ്യമായ ഡയപ്പർ എത്തിച്ചു നൽകുകയും ചെയ്തു.
ഡിജിറ്റൽ സംവിധാനങ്ങൾ വഴിയുള്ള ഈ വേഗതയേറിയ സേവനത്തെ പ്രശംസിച്ച് ദേബിപ്രസാദ് എക്സ് പ്ലാറ്റ്ഫോമിൽ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ചു. താൻ സ്വന്തം പണം നൽകിയാണ് ഡയപ്പർ വാങ്ങിയതെന്നും റെയിൽവേയുടെ സൗജന്യ സേവനം ദുരുപയോഗം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഈ ആഴ്ച ആദ്യം, ബെംഗളൂരുവിൽ നിന്നുള്ള ഒരു സ്ത്രീയും കുഞ്ഞിനായി താൻ കൈയിൽ കരുതിയ ഓട്സ് പാകം ചെയ്തു നൽകിയ റെയിൽവേ പാന്റ്ട്രി ജീവനക്കാരുടെ പെരുമാറ്റത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.



