രജനീകാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ‘ജയിലർ’ സിനിമയുടെ രണ്ടാം ഭാഗം ഒക്ടോബർ 15-ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ തനിക്ക് സീക്വൽ (ഒരേ സിനിമയുടെ രണ്ടാം ഭാഗം) ചെയ്യുന്നതിനോട് വലിയ താല്പര്യമില്ലെന്ന് പറയുകയാണ് സൂപ്പർ താരം. മുന്പ് ബാഷ 2′, ‘പേട്ട 2’ എന്നീ ചിത്രങ്ങളുടെ ഓഫറുകൾ താൻ നിരസിച്ചിരുന്നുവെന്നും രജനീകാന്ത് വെളിപ്പെടുത്തി.
75 കാരനായ സൂപ്പർതാരം രജനീകാന്ത് തന്റെ കരിയറിലെ ആദ്യത്തെ വലിയ ഫ്രാഞ്ചൈസിക്ക് തുടക്കം കുറിച്ചേക്കാവുന്ന ‘ജയിലർ 2’-ന്റെ റിലീസിനായുള്ള തയാറെടുപ്പിനിടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. “സാധാരണയായി എനിക്ക് സീക്വലുകൾ ഇഷ്ടമല്ല. ആദ്യ ഭാഗത്തിൽ ഏത് ഘടകമാണോ വിജയിച്ചത്, അത് കുറച്ചുകൂടി മസാല ചേർത്ത് ആവർത്തിക്കുക മാത്രമാണ് സംവിധായകർ സീക്വലുകളിൽ ചെയ്യുന്നത് എന്നൊരു തോന്നൽ എനിക്കുണ്ട്. ‘ബാഷ 2’-നായി സത്യ മൂവീസും, വിജയ് സേതുപതിയുടെ കഥാപാത്രത്തെ മുൻനിർത്തി ഒരു കഥയുമായി കാർത്തിക് സുബ്ബരാജും എന്നെ സമീപിച്ചിരുന്നു. എന്നാൽ ആ ചിത്രങ്ങളുടെ രണ്ടാം ഭാഗം ചെയ്യാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല,” അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ‘ജയിലർ 2’ ചെയ്യാൻ തന്നെ പ്രേരിപ്പിച്ച ഘടകമെന്താണെന്ന് വ്യക്തമാക്കിക്കൊണ്ട് രജനീകാന്ത് പറഞ്ഞത് ഇങ്ങനെ: “ജയിലർ ഒടിടിയിൽ റിലീസ് ചെയ്തതിന് ശേഷം ഞാൻ ചിത്രം വീണ്ടും കണ്ടു. സിനിമയുടെ അവസാന ഭാഗത്ത്, ഞാൻ വർമ്മയെ കൊല്ലാൻ നോക്കുമ്പോൾ, തനിക്ക് വലിയൊരു ശൃംഖലയുണ്ടെന്നും അവർ തന്നെ വെറുതെ വിടില്ലെന്നും അവൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടാതെ, ജയിലറിൽ 1,000 കോടി രൂപ വിലമതിക്കുന്ന മൂന്ന് കണ്ടെയ്നറുകളുമുണ്ട്. അതിനാൽ, ഒരു സീക്വലിന് പറ്റിയ മികച്ചൊരു കഥ അതിലുണ്ടെന്ന് എനിക്ക് തോന്നി.”
നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ജയിലർ 2’-ൽ ടൈഗർ മുത്തുേവൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജനീകാന്ത് വീണ്ടും അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിൽ രമ്യ കൃഷ്ണൻ, യോഗി ബാബു, മിർണ എന്നിവർക്കൊപ്പം എസ്.ജെ. സൂര്യ, മിഥുൻ ചക്രവർത്തി, വിദ്യാ ബാലൻ, സുരാജ് വെഞ്ഞാറമൂട്, അന്ന രാജൻ, ജതിൻ സർണ തുടങ്ങിയ പുതിയ താരങ്ങളും അണിനിരക്കുന്നുണ്ട്. ആദ്യ ഭാഗത്തിലെന്നപോലെ മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷറഫ്, വിജയ് സേതുപതി എന്നിവർ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
ഒക്ടോബർ 15-നാണ് “ജയിലർ 2′ തിയേറ്ററുകളിൽ എത്തുന്നത്. 250-350 കോടി രൂപ വരെയാണ് “ജയിലർ 2′-ന്റെ നിർമാണച്ചെലവായി കണക്കാക്കപ്പെടുന്നത്. അതിനാൽ ചിത്രത്തിൽ വലിയ പ്രതീക്ഷകളാണുള്ളത്.
