കൊച്ചി: പത്തടിപ്പാലത്തെ സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിനു പിന്നാലെ നഗരത്തിലെ സ്പാകളിലും മസാജ് സെന്ററുകളിലും പിടിമുറുക്കി കൊച്ചി സിറ്റി പൊലിസ്. അഞ്ഞൂറിലധികം അനധികൃത സ്പാകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
നഗരത്തിലെ പ്രധാന ഇട ങ്ങളിലെല്ലാം തന്നെ മസാജിംഗ്, ക്രോസ് മസാജിംഗ് ബോര്‍ഡുകളുണ്ട്. ഇത്തരത്തിലുളള ചില കേന്ദ്രങ്ങള്‍ക്കു പിന്നില്‍ നടക്കുന്നത് ഹൈടെക് പെണ്‍വാണിഭം തന്നെയാണെന്ന് പൊലിസും സമ്മതിക്കുന്നു. ചെറിയൊരു കെട്ടിടം വാടകയ്ക്കെടുത്ത് അതില്‍ ചെറിയ മുറികളൊരുക്കി മസാജിംഗ് സെന്ററുകള്‍ എന്ന ബോര്‍ഡും തൂക്കി കൊയ്ത്തു നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ തേടിയെത്തുന്നവരുടെ എണ്ണവും അനുദിനം വര്‍ധിക്കുകയാണ്.
പ്രതിദിനം 15,000 രൂപ വരെ ടിപ്പ് വാങ്ങുന്ന ലേഡി തെറാപ്പിസ്റ്റുകള്‍ കൊച്ചി നഗരത്തിലുണ്ട്. മസാജിംഗിന് എത്തുന്നവരില്‍ കൂടുതല്‍ പേരും 28 വയസിനു താഴെയുള്ളവരാണ്. പ്രത്യേക ആപ്പ് വഴിയും വാട്സാപ്പിലൂടെയുമൊക്കെ ഫോട്ടോ കണ്ടാണ് അന്യ ജില്ലകളില്‍ നിന്നുപോലും ചെറുപ്പക്കാര്‍ കൊച്ചിയിലേക്ക് എത്തുന്നത്.നല്ല രീതിയില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത ആയുര്‍വേദ സുഖചികിത്സാ കേന്ദ്രങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് അനധികൃത സ്പാകളുടെ പ്രവര്‍ത്തനം. ഗുണ്ടാബന്ധങ്ങളുള്ളവരാണ് ഇവര്‍ക്ക് മറ പിടിക്കുന്നത്.
സ്പാകള്ക്കു മറവില്‍ ഹൈടെക് പെണ്‍വാണിഭം കൊഴുക്കുമ്പോള്‍ ജോലി തേടിയെത്തി ഇതില്‍ പെട്ടുപോകുന്നവരുമുണ്ട്. നാണക്കേടും ഭയവും മൂലം ചതിക്ക് ഇരയാകുന്നത് പലരും മറച്ചുവയ്ക്കുന്നു. മലയാളികള്‍ക്കൊപ്പം നേപ്പാളി, പഞ്ചാബി, ഫിലിപ്പീന്‍സ് യുവതികളും തെറാപ്പിസ്റ്റുകളായി കൊച്ചി നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
