ന്യൂഡൽഹി: ജന്തര് മന്തറിലെ മിന്നല് പ്രതിഷേധത്തിന്റെ പേരില് സിജെപി നേതാക്കളെ റിമാന്ഡ് ചെയ്ത നടപടിയില് നരേന്ദ്ര മോദിയെയും കേന്ദ്രസര്ക്കാരിനെയും രൂക്ഷമായി വിമര്ശിച്ച് നടന് പ്രകാശ് രാജ്. ഡല്ഹിയിലെ സമാധാനം നശിപ്പിക്കാനല്ല, മറിച്ച് 12 കുട്ടികള് മാത്രമാണ് ജന്തര് മന്തറില് പ്രതിഷേധിച്ചതെന്നും ഇതിനാണ് അവരെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില് വിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഗുണ്ടകള്ക്ക് നേരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇതില് ലജ്ജിക്കണമെന്നും പ്രകാശ് രാജ് തുറന്നടിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങള് ചോദിക്കുമ്പോള് സര്ക്കാര് എന്തിനാണ് ഇടയില് വരുന്നതെന്ന് ചോദിച്ച അദ്ദേഹം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ആരോപിച്ചു. സ്വന്തം കസേര പോകുമെന്ന ഭയമാണ് മോദിക്കും അമിത് ഷായ്ക്കുമുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട എസ്ഐആര് റദ്ദാക്കണമെന്നും ഇതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രക്ഷോഭങ്ങള് ഉണ്ടാകുമെന്നും പ്രകാശ് രാജ് മുന്നറിയിപ്പ് നല്കി.
സ്വന്തം സൈന്യത്തെയും പൊലിസിനെയും രാജ്യത്തെ യുവാക്കള്ക്കെതിരെ പ്രയോഗിച്ച ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്നും, മോദിയുടെയും ബിജെപിയുടെയും ഭരണം അവസാനിക്കാറായെന്നും അദ്ദേഹം പരിഹസിച്ചു. ജന്തര് മന്തറിലെ മിന്നല് സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിജെപി സഹ വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ തിഹാര് ജയിലിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് പ്രകാശ് രാജിന്റെ പ്രതികരണം. ജന്തര് മന്തര് ഡല്ഹിയില് മാത്രമല്ലെന്നും ഇനി രാജ്യത്തെ ഓരോ തെരുവും ജന്തര് മന്തര് പോലെ സമരവേദിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
