സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിന് അനുമതിയില്ല; പിണറായിക്കും സർക്കാരിനും തിരിച്ചടി

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നല്‍കിയ അപ്പീലിന് അനുമതിയില്ല. അപ്പീല്‍ നല്‍കാനുള്ള അപേക്ഷ ഹൈക്കോടതി തള്ളി. നിയമപരമായി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ അപ്പീല്‍ നല്‍കാന്‍ അനുമതിയില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

അപ്പീല്‍ സാങ്കേതികമായി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസുമാരായ കെ നടരാജന്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. പിണറായി വിജയന്‍, മകള്‍ ടി. വീണ, മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മുഹമ്മദ് റിയാസിന്‍റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനായിരുന്നു ജസ്റ്റിസ് എ. ബദറുദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതനുസരിച്ച് വിജിലന്‍സ് രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ തീര്‍പ്പാകുന്നതു വരെ സ്റ്റേ അനുവദിക്കണമെന്നുമായിരുന്നു അപ്പീലിലെ ആവശ്യം.

സിംഗിള്‍ ബെഞ്ച് പരിഗണിച്ച കേസില്‍ കക്ഷികളല്ലാത്തവര്‍ക്ക് അപ്പീലുമായി സമീപിക്കാനാകുമോ എന്ന കാര്യത്തിലാണ് വാദം നടന്നത്. സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച പ്രാഥമികാന്വേഷണത്തിനായുള്ള എസ്ഐടി റദ്ദാക്കി, ഇഡി നല്‍കിയ കത്തില്‍ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. കെഎം ഷാജഹാനാണ് സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയത്.

സിഎംആര്‍എല്‍ ഇടപാടില്‍ വിജിലന്‍സ് രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. വിജിലന്‍സ് എടുത്ത ആദ്യ കേസില്‍ പിണറായി വിജയന്‍ ഒന്നാം പ്രതിയും മകള്‍ രണ്ടാം പ്രതിയുമാണ്. സിഎംആര്‍എല്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്ത ഉള്‍പ്പടെ ഏഴ് പ്രതികളാണ് ഈ കേസിലുള്ളത്. മന്ത്രിയായിരിക്കെ മുഹമ്മദ് റിയാസ് അനധികൃതമായി ഉണ്ടാക്കിയ പണം ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന ഇഡി കണ്ടെത്തലിലാണ് രണ്ടാമത്തെ കേസ്. ഇതിലും വീണയാണ് രണ്ടാം പ്രതി.

Related posts

Leave a Comment