ധനുഷ്, മമ്മൂട്ടി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഓം’ എന്ന ചിത്രത്തിലെ നടി സായി പല്ലവിയുടെ ക്യാരക്ടര്‍ ടീസർ പുറത്ത്. നിത്യ റെഡ്ഡി ഐപിഎസ് എന്ന പൊലിസ് ഉദ്യോഗസ്ഥയായി സായി പല്ലവി ചിത്രത്തിലെത്തുന്നു. നടിയുടെ കരിയറിലെ ആദ്യ പൊലിസ് വേഷമാണിത്.
നടിയുടെ കഥാപാത്രം നയിക്കുന്ന ഓപ്പറേഷന്റെ പേരാണ് സിനിമയുടെ ടൈറ്റിൽ ആയ ‘ഓം’. ചന്ദനക്കടത്താണ് സിനിമയുടെ പ്രമേയമെന്നാണ് സൂചന. ‘അമരനു’ ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി, ധനുഷ്, സായി പല്ലവി, ശ്രീലീല എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. എട്ടു വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് ഓം.
2018 ൽ റാം ഒരുക്കിയ ‘പേരൻപ്’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്. ‘മാരി 2’ എന്ന ചിത്രത്തിന് ശേഷം ധനുഷ്- സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ സായ് അഭ്യങ്കർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സായ് സംഗീതമൊരുക്കുന്ന ആദ്യ ധനുഷ് ചിത്രം കൂടിയാണിത്. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് പ്രദർശനത്തിന് എത്തുക. നവംബർ 20ന് തിയറ്ററുകളിലെത്തും.
