യൂണിഫോമിൽ മദ്യലഹരിയിൽ വാഹനം ഓടിക്കുകയും എതിർദിശയിലൂടെ കാറോടിക്കുകയും ചെയ്ത വനിതാ പോലീസുകാരനെതിരെ കർശന നടപടി. പൂനെ മഞ്ചാരി പ്രദേശത്താണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നടുറോഡിൽ നിയമങ്ങൾ ലംഘിച്ച് വാഹനം ഓടിച്ചത് കണ്ട് ചോദ്യം ചെയ്ത യാത്രക്കാരുടെ മുന്നിൽ താൻ മദ്യപിച്ചിട്ടുണ്ടെന്ന് വനിതാ ഓഫീസർ സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നമ്പർ പ്ലേറ്റ് ഇല്ലാത്ത കാറിലാണ് ഇവർ യാത്ര ചെയ്തിരുന്നത്.
കാലേപടൽ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന 39 കാരിയായ ഉദ്യോഗസ്ഥയാണ് സംഭവത്തെ തുടർന്ന് സസ്പെൻഷനിലായത്. സംഭവത്തിൽ ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഔദ്യോഗിക ഡ്യൂട്ടിയിലല്ലാതിരുന്ന ഇവർ എവിടെ വെച്ചാണ് മദ്യപിച്ചതെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ജീവൻ ബെനിവാൾ വ്യക്തമാക്കി.
