ന്യൂഡൽഹി: ബംഗളൂരു മെട്രോയിൽ വെച്ച് തന്റെ അനുവാദമില്ലാതെ രഹസ്യമായി വീഡിയോ പകർത്തിയ യുവാവിനെ കൈയോടെ പിടികൂടി യുവതി. സൗപിക എന്ന യുവതിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ അനുഭവം പങ്കുവെക്കുകയും സംഭവത്തിൽ പോലീസിൽ പരാതി നൽകുകയും ചെയ്തത്. യുവതിയുടെ പരാതിയെ തുടർന്ന് കടുഗോടി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വൈറ്റ്ഫീൽഡ്-കടുഗോടി റൂട്ടിൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മെട്രോ യാത്രയ്ക്കിടയിൽ യുവാവ് തന്നെ രഹസ്യമായി മൊബൈലിൽ പകർത്തുന്നത് കണ്ട യുവതി ഉടൻ തന്നെ ചോദ്യം ചെയ്യുകയായിരുന്നു. ഫോൺ അൺലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ ആദ്യം തയ്യാറായില്ല. ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ ഫോണുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സെക്യൂരിറ്റി ജീവനക്കാരുടെ സഹായത്തോടെ യുവതി ഇത് തടഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ വീഡിയോ വൈറലാവുകയും, ബംഗളൂരു സിറ്റി പോലീസ് സംഭവത്തിൽ ഇടപെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

