പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കുടുക്കാൻ നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയുമായി മുംബൈ കോർപ്പറേഷൻ . പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് കണ്ടുപിടിക്കുക മാത്രമല്ല, എഐ കാമറകൾ തത്സമയം ശബ്ദ സന്ദേശത്തിലൂടെ കുറ്റക്കാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും.
മഹീമിലെ ഗജാനൻ വാടികയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ കോർപ്പറേഷന്റെ ജി/നോർത്ത് വാർഡ് ഈ സ്മാർട്ട് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. മുൻപ് സ്ഥിരമായി മാലിന്യം തള്ളിയിരുന്ന പ്രധാന ഭാഗങ്ങളിലൊന്നായിരുന്നു ഇത്. തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ ബിഎംസി ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
റോഡരികിൽ പ്ലാസ്റ്റിക് കവർ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിക്കുന്നയാളെ എഐ കാമറ തിരിച്ചറിയുന്നതും കാമറയിലെ ഗ്രീൻ ബോക്സുകൾ വഴി അയാളുടെ ചലനങ്ങൾ തത്സമയം ട്രാക്ക് ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. മാലിന്യം തള്ളാൻ വരുന്നയാളെ തിരിച്ചറിയുന്നതോടെ കാമറയോട് ചേർന്നുള്ള ലൗഡ് സ്പീക്കർ വഴി പരിസരം ശുചിയായി സൂക്ഷിക്കണമെന്നും മാലിന്യം തള്ളരുതെന്നും ബിഎംസി അഭ്യർഥിക്കും.
വരും ദിവസങ്ങളിൽ നഗരത്തിലുടനീളമുള്ള മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും ഇത്തരം എഐ കാമറകൾ വ്യാപിപ്പിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. പദ്ധതിക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. എങ്കിലും മുന്നറിയിപ്പ് അവഗണിച്ച് വീണ്ടും മാലിന്യം തള്ളുന്നവർക്ക് എതിരെ കർശനമായ പിഴ ഈടാക്കണമെന്നും പൊതുജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
