കച്ചോരി തിന്നുന്നതിനിടെ സ്കൂട്ടറിലിരുന്ന 20 ലക്ഷം രൂപ അടങ്ങിയ ബാഗ് മോഷ്ടാക്കൾ തട്ടിയെടുത്തു! ഭയം കൊണ്ടും പരിഭ്രമം കൊണ്ടും കയ്യിലിരുന്ന കച്ചോരി പ്ലേറ്റ് പോലും താഴെ വെക്കാൻ മറന്ന് മോഷ്ടാക്കളുടെ പിന്നാലെ ഓടുന്ന വ്യാപാരിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജയ്പൂരിലെ നഹർഗഢ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒക്ടോബർ 26നാണ് ഈ അപൂർവ്വ സംഭവം നടന്നത്.
കളക്ഷൻ ഏജന്റായി ജോലി ചെയ്യുന്ന ചമ്പാലാൽ എന്ന വ്യാപാരിക്കാണ് ഈ ദുരനുഭവമുണ്ടായത്. തുക അടങ്ങിയ ബാഗ് തന്റെ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ വെച്ച ശേഷം തൊട്ടടുത്തുള്ള കടയിൽ നിന്ന് കച്ചോരി കഴിക്കുകയായിരുന്നു ഇദ്ദേഹം.
ഹെൽമറ്റ് ധരിച്ച് മറ്റൊരു സ്കൂട്ടറിലെത്തിയ രണ്ട് പേർ ചമ്പാലാലിന്റെ വണ്ടിക്ക് സമീപം നിർത്തുകയും, ഇയാൾ ഭക്ഷണം കഴിക്കുന്നതിനിടെ ഫുട്ബോർഡിലിരുന്ന 20 ലക്ഷം രൂപയുടെ ബാഗ് തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു. പണം നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞ നിമിഷം തന്നെ ചമ്പാലാൽ കള്ളന്മാർക്ക് പിന്നാലെ ഓടി. എന്നാൽ പരിഭ്രമത്തിൽ കയ്യിലുണ്ടായിരുന്ന കച്ചോരി പ്ലേറ്റ് താഴെ വെക്കാനോ സ്വന്തം സ്കൂട്ടറെടുത്ത് പിന്തുടരാനോ ഇദ്ദേഹം മറന്നുപോയി.
നാട്ടുകാരും കൂടെ ഓടിയെങ്കിലും മോഷ്ടാക്കൾ വേഗത്തിൽ രക്ഷപ്പെട്ടു. സംഭവം സിസിടിവിയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. ചമ്പാലാലിന്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 20 ലക്ഷം രൂപ പോലുമൊരു വലിയ തുക ഇത്രയും അശ്രദ്ധമായി സ്കൂട്ടറിൽ വെച്ച് ഭക്ഷണം കഴിക്കാൻ പോയതിനെ വിമർശിച്ചും, പ്ലേറ്റുമായി ഓടിയ വ്യാപാരിയുടെ അവസ്ഥയിൽ സഹതാപം പ്രകടിപ്പിച്ചും നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.
