പതിവ് വിമാന അറിയിപ്പ് രീതികളിൽ നിന്ന് വ്യത്യസ്തമായി തമാശകൾ നിറച്ച സന്ദേശത്തിലൂടെ യാത്രക്കാരുടെ മനം കവർന്ന് ഒരു ഡെൽറ്റാ എയർലൈൻസ് പൈലറ്റ്. നിക് എന്ന് പേരുള്ള പൈലറ്റാണ് വിമാനത്തിലെ അറിയിപ്പിലൂടെ യാത്രക്കാരെ ചിരിപ്പിച്ചത്. റേച്ചൽ എന്ന യാത്രക്കാരി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനകം 4.7 മില്യണിലധികം ആളുകളാണ് കണ്ടത്.
വിമാനത്തിന്റെ വലതുവശത്തെ ശുചിമുറിയെക്കുറിച്ച് “വ്യൂ ഉള്ള ഒരു ടോയ്ലറ്റ്” എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് പൈലറ്റ് തമാശകൾ തുടങ്ങിയത്. ജനലിലൂടെ ആരാണ് പറന്നുപോകുന്നതെന്ന് പറയാൻ കഴിയില്ലെന്നും അതിനാൽ വിൻഡോ ഷെയ്ഡ് താഴെയിടുന്നതാണ് നല്ലതെന്നും അദ്ദേഹം തമാശയായി മുന്നറിയിപ്പ് നൽകി.
വിമാനം ടാക്സി ചെയ്യുമ്പോൾ ഉണ്ടാകുന്ന എൻജിൻ ശബ്ദത്തെ “സുഖമില്ലാത്ത തിമിംഗലത്തിന്റെ ശബ്ദം” (Sick whale) എന്നാണ് പൈലറ്റ് വിശേഷിപ്പിച്ചത്. എന്നാൽ വിമാനം ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞാൽ എൻജിനുകൾ പൂച്ചക്കുട്ടിയെപ്പോലെ മെല്ലെ ശബ്ദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനം ലാൻഡ് ചെയ്ത ശേഷം കോക്ക്പിറ്റ് സന്ദർശിക്കാനും തന്റെ സീറ്റിലിരുന്ന് ചിത്രങ്ങൾ പകർത്താനും കുട്ടികൾക്ക് പൈലറ്റ് അവസരം നൽകി. തന്റെ ജോലിയോട് വലിയ ഇഷ്ടമാണെന്നും യാത്രക്കാരാണ് ഇത് സാധ്യമാക്കുന്നതെന്നും പറഞ്ഞ് നിർത്തുന്ന പൈലറ്റിന് വലിയ കയ്യടിയാണ് വിമാനത്തിനുള്ളിൽ ലഭിച്ചത്.
വിമാനയാത്രകളിൽ നൽകുന്ന വിരസമായ സുരക്ഷാ സന്ദേശങ്ങൾക്ക് പകരം യാത്രക്കാരെ രസിപ്പിച്ച പൈലറ്റിന്റെ പ്രകടനത്തിന് സോഷ്യൽ മീഡിയയിലും വലിയ പ്രശംസയാണ് ലഭിക്കുന്നത്.
