മൾട്ടി ടാസ്കിംഗ് സ്കിൽ എല്ലാവർക്കുമൊന്നും കിട്ടുന്നതല്ല. ഓടുന്നതിനിടെ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ പറഞ്ഞാൽ നിങ്ങളെന്തു ചെയ്യും. മറുത്തൊന്നു ചിന്തിക്കാതെ നോ പറയുന്നവരാകും നമ്മളിൽപലരും.
എന്നാൽഒരു മൈൽ ദൂരം വെറും അഞ്ച് മിനിറ്റിനുള്ളിൽ ഓടിത്തീർക്കുന്നതിനിടെ നാല് ക്യൂബുകൾ പരിഹരിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ഓട്ടക്കാരനായ ജോർജ് ഷോളി. 5 മിനിറ്റും 9.25 സെക്കൻഡും കൊണ്ടാണ് നാല് റൂബിക്സ് ക്യൂബുകൾ സോൾവ് ചെയ്ത് ഒരു മൈൽ ഓടിത്തീർത്തത്. ഇതോടെ ഗിന്നസ് വേൾഡ് റിക്കാർഡിലും ഇദ്ദേഹം ഇടംപിടിച്ചു.
ഓട്ടത്തിനിടെ ഓരോ 400 മീറ്റർ ലാപ്പും പൂർത്തിയാക്കുന്നതിന് മുൻപ് ഓരോ പസിൽ ക്യൂബും പരിഹരിക്കണമെന്നതായിരുന്നു വെല്ലുവിളി. ഇത്തരത്തിൽ നാല് ലാപ്പുകളിലായി നാല് ക്യൂബുകളും സോൾവ് ചെയ്തു. ഒരു മൈൽ ദൂരം പൂർത്തിയാക്കാൻ അവസാന ലാപ്പിൽ അൽപം അധികദൂരം കൂടി ഓടേണ്ടിവന്നു.
ഇംഗ്ലണ്ടിലെ നോർത്താംപ്റ്റൺഷെയർ സ്വദേശിയായ ജോർജ് ഷോളി ഇത്തരം വ്യത്യസ്ത റെക്കോർഡുകളിലൂടെ നേരത്തെയും ശ്രദ്ധ നേടിയിട്ടുണ്ട്.
2022 ഒക്ടോബറിൽ സ്കേറ്റ്ബോർഡിൽ സഞ്ചരിക്കുന്നതിനിടെ 500 കറങ്ങുന്ന പസിൽ ക്യൂബുകൾ പരിഹരിച്ച് റിക്കാർഡ് സ്വന്തമാക്കി. പിന്നാലെ 24 മണിക്കൂറിനുള്ളിൽ 6,931 ക്യൂബുകൾ പരിഹരിച്ചും മറ്റൊരു റിക്കാർഡ് നേടി. ശരാശരി 12.5 സെക്കൻഡിൽ ഒരു ക്യൂബ് എന്ന വേഗത്തിലായിരുന്നു ഈ നേട്ടം.
റെക്കോർഡ് നേടിയതിന് പിന്നാലെ ഇൻസ്റ്റഗ്രാമിലൂടെയും ഷോളി സന്തോഷം പങ്കുവച്ചു. ഓടുന്നതിനിടെ നിർത്തി റൂബിക്സ് ക്യൂബ് പരിഹരിക്കുന്നതും വീണ്ടും ഓട്ടം തുടരുന്നതുമെല്ലാം വിഡിയോയിൽ കാണാം. തന്റെ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കും പ്രോത്സാഹനം നൽകിയവർക്കും നന്ദി അറിയിച്ച ഷോളി, ഈ അനുഭവം അവിസ്മരണീയമാണെന്നും കുറിച്ചു.
