ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷയെ ചുറ്റിപ്പറ്റി വീണ്ടും വിവാദം. ഐസ് ഹോക്കി അസോസിയേഷന്റെ കൗൺസിലിലേക്ക് ഉഷയെ നാമനിർദേശം ചെയ്തതിനെതിരെ അസോസിയേഷനിലെ ഒരുവിഭാഗം പരാതിയുമായി രംഗത്തെത്തി. ഐസ് ഹോക്കിയുമായി ഉഷയ്ക്ക് ബന്ധമില്ലെന്നും നാമനിർദേശം റദ്ദാക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. ഇതോടെ ഐഒഎയിലെ അധികാരപ്പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്.
ഐഒഎ ജനറൽ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഉഷ, ഐസ് ഹോക്കി അസോസിയേഷന്റെ വനിതാ പ്രതിനിധിയായാണ് വീണ്ടും കൗൺസിലിൽ ഇടംപിടിച്ചത്. എന്നാൽ ഈ നീക്കത്തെയാണ് ഐസ് ഹോക്കി അസോസിയേഷൻ വൈസ് പ്രസിഡന്റാണെന്ന് അവകാശപ്പെടുന്ന അജിത് കാക്കർ ചോദ്യം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കുമാർ ശ്രീവാസ്തവയ്ക്ക് നൽകിയ പരാതിയിൽ ഉഷയുടെ നാമനിർദേശം തള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഐഒഎ ഭരണഘടന പ്രകാരം കായിക സംഘടനകൾ നാമനിർദേശം ചെയ്യുന്ന പ്രതിനിധികൾ അതത് സംഘടനകളിൽ അംഗങ്ങളായിരിക്കണമെന്നാണ് പരാതിക്കാരന്റെ വാദം. ഐസ് ഹോക്കിയുമായി ബന്ധമില്ലാത്ത ഉഷയെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയത് ചട്ടവിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഉഷയ്ക്കെതിരെ ആകെ നാല് പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ശനിയാഴ്ചയാണ് നാമനിർദേശങ്ങളുടെ സൂക്ഷ്മപരിശോധന.
ഇതോടൊപ്പം പരാതികളും പരിശോധിക്കും. പരാതിക്കാരുമായി സംസാരിച്ചശേഷം വരണാധികാരി വിഷയത്തിൽ തീരുമാനമെടുക്കും. ഉഷയുടെ ഐഒഎ കൗൺസിലിലെ തുടർപ്രവേശനത്തിന് ഈ പരിശോധന നിർണായകമാകും. ഐഒഎ ജനറൽ കൗൺസിലിലേക്കുള്ള വനിതാ അത്ലറ്റ് പ്രതിനിധികളുടെ തെരഞ്ഞെടുപ്പിൽ നിലവിലെ അധ്യക്ഷയായ ഉഷ അഞ്ചാം സ്ഥാനത്തായിരുന്നു.
നാല് പേരെയാണ് തെരഞ്ഞെടുക്കേണ്ടിയിരുന്നത്. ഇതോടെ കൗൺസിലിൽ തിരിച്ചെത്താനുള്ള നേരിട്ടുള്ള വഴി അടഞ്ഞു. ഉഷയെ പരാജയപ്പെടുത്താൻ പ്രത്യേക പാനലുണ്ടാക്കി നീക്കം നടത്തിയെന്നും തെരഞ്ഞെടുപ്പിൽ ക്രമക്കേടുകളുണ്ടായെന്നും അവർ നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെ ഉഷ പരാതിയും നൽകിയിരുന്നു.
തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതോടെ മറ്റൊരു കായിക ഫെഡറേഷന്റെ നാമനിർദേശത്തിലൂടെ കൗൺസിലിൽ തിരിച്ചെത്താനുള്ള നീക്കമാണ് ഉഷ നടത്തിയത്. മുൻ അത്ലറ്റ് എന്ന നിലയിൽ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന് ഉഷയെ നാമനിർദേശം ചെയ്യാമായിരുന്നെങ്കിലും ബംഗാൾ താരം ജ്യോതിർമയി സിഖ്ദറിനെയാണ് അവർ വനിതാ പ്രതിനിധിയായി ഉൾപ്പെടുത്തിയത്.
