മലപ്പുറം: ഇൻസ്റ്റാഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ച മലപ്പുറം സ്വദേശിനിയായ 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം. ഓൺലൈൻ വഴി വാങ്ങിയ ഫെയർനെസ് ക്രീം തുടർച്ചയായി ഉപയോഗിച്ചതിനെ തുടർന്നാണ് പെൺകുട്ടിക്ക് മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗാവസ്ഥ ഉണ്ടായത്.
മലപ്പുറം അരീക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരാണ് രോഗകാരണം കണ്ടെത്തിയത്. ഇൻഫ്ലുവൻസർമാരുടെ പരസ്യം കണ്ട് വാട്സ്ആപ്പ് വഴി ഓർഡർ ചെയ്ത ഫെയർനെസ് ക്രീം ഒരു വർഷത്തോളം ഉപയോഗിച്ചിരുന്നു. ക്രീമിൽ അമിത അളവിൽ അടങ്ങിയിരുന്ന മെർക്കുറിയാണ് വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചത്. വൃക്കയുടെ അരിപ്പയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ശരീരത്തിൽ നിന്ന് അമിതമായി പ്രോട്ടീൻ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു കുട്ടി.
കാലിന് നീര് വരികയും നടക്കാൻ പ്രയാസം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ചികിത്സ തേടിയത്. കൂടാതെ, പഠിച്ച കാര്യങ്ങൾ ഓർമയിൽ നിൽക്കാത്ത അവസ്ഥയും പെൺകുട്ടിക്ക് ഉണ്ടായിരുന്നു. വിദഗ്ധ ചികിത്സയിലൂടെ പെൺകുട്ടി ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
തന്റെ സഹപാഠികളും ഇതേ ക്രീം ഉപയോഗിക്കുന്നുണ്ടെന്നും എന്നാൽ അവർക്ക് ഇതുവരെ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നുമാണ് പെൺകുട്ടി ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ, കൃത്യമായ മാനദണ്ഡങ്ങളോ വിവരങ്ങളോ ഇല്ലാത്ത ഇത്തരം വ്യാജ സൗന്ദര്യവർധക വസ്തുക്കൾ ഓൺലൈൻ സൈറ്റുകളിലും വിപണിയിലും വ്യാപകമായി ലഭ്യമാണെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. ഫെയർനെസ് ക്രീമുകളുടെ അനിയന്ത്രിതമായ ഉപയോഗം ഗുരുതരമായ വൃക്കരോഗങ്ങൾക്ക് കാരണമാകുമെന്ന് നേരത്തെയും പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.
