വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കമ്പ്യൂട്ടറിൽ ചീട്ടുകളിയിൽ ഏർപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രാജസ്ഥാനിലെ ബാർമറിലുള്ള വോട്ടെണ്ണൽ കേന്ദ്രത്തിലാണ് സംഭവം. ദൃശ്യങ്ങൾ പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കും മേൽനോട്ടക്കുറവിനുമെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
ബാർമറിലെ പിജി കോളേജിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ ഡ്യൂട്ടി സമയത്ത് കമ്പ്യൂട്ടറിൽ ഗെയിം കളിച്ചത്. ദുംഗേറോൺ കാ തല പഞ്ചായത്ത് സമിതിയുടെ വോട്ടെണ്ണൽ പ്രക്രിയയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് കൃത്യവിലോപം കാണിച്ചത്.
കോളേജിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. കേന്ദ്രത്തിൽ വോട്ടെണ്ണൽ തകൃതിയായി നടക്കുമ്പോഴും ഉദ്യോഗസ്ഥൻ ഗെയിമിൽ മുഴുകിയിരിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
വീഡിയോ വൈറലായതോടെ, ഇത്രയും ഉത്തരവാദിത്തപ്പെട്ട തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഒരാൾക്ക് എങ്ങനെയാണ് വോട്ടെണ്ണലിനിടെ ഗെയിം കളിക്കാൻ സാധിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. കേന്ദ്രത്തിലെ ജീവനക്കാരെ നിരീക്ഷിക്കാൻ ചുമതലയുള്ള മേലുദ്യോഗസ്ഥരുടെ വീഴ്ചയും ചർച്ചയാകുന്നുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ ഭരണകൂടം നടപടിയെടുത്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
