ആലപ്പുഴ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ എംഎൽഎ. കേന്ദ്ര ടൂറിസം പദ്ധതിയുടെ നിര്‍മാണ അവലോകനത്തിന് കഴിഞ്ഞ ദിവസം സുരേഷ് ഗോപി ആലപ്പുഴയില്‍ എത്തിയിരുന്നു. ആരെയും അറിയിക്കാതെയുള്ള സുരേഷ് ഗോപിയുടെ സന്ദർശനമാണ് സുധാകരനെ ചൊടിപ്പിച്ചത്.
ആലപ്പുഴ ബീച്ച് സന്ദർശിക്കാൻ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യം വന്നുവെന്നായിരുന്നു സുധാകരന്റെ ചോദ്യം. തന്റെ മണ്ഡലത്തിന്റെ ഭാഗമായ ബീച്ചിൽ സന്ദർശനം നടത്തിയത് തന്നെ അറിയിച്ചില്ലെന്നും മറ്റൊരു എംഎൽഎയായ എ.ഡി. തോമസിനെപ്പോലും വിവരം ധരിപ്പിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആർക്കും എന്തും ചെയ്യാമെന്നാണോയെന്നും സുധാകരൻ ചോദിച്ചു.
ആലപ്പുഴ മുനിസിപ്പാലിറ്റി കേരളോത്സവം പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ സംസാരിക്കവെയായിരുന്നു സുധാകരന്റെ വിമർശനം. ഉദ്ഘാടകനായ തന്റെ ഫോട്ടോ ചെറുതാക്കി വെച്ചുവെന്നും കെ.സി വേണുഗോപാലിന്റെ ഫോട്ടോയ്ക്ക് വലുപ്പം കൂടിയെന്നും സുധാകരൻ പറഞ്ഞു.
സംസ്ഥാനം നടത്തുന്ന പരിപാടികളിൽ എംഎൽഎയ്ക്കാണ് പ്രാധാന്യം. ബാനറിൽ ഫോട്ടോ വച്ച് ആരും വലുതാകേണ്ട. സംഘാടകർ വൃത്തികേട് കാണിക്കരുതെന്നും സുധാകരൻ പറഞ്ഞു.
