മുണ്ടക്കയം: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് അഞ്ചാം റാങ്കും അഖിലേന്ത്യാതലത്തിൽ 290-്ാം റാങ്കും നേടി മലയോര നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് പാലൂർകാവ് സ്വദേശിനിയായ വിദ്യാർഥിനി. പാലൂർകാവ് വടക്കേനിരപ്പേൽ സണ്ണി – ബീന ദമ്പതികളുടെ മകളായ ചെൽസി എസ്. തെരേസയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്.
കർഷക കുടുംബത്തിൽ ജനിച്ച ചെൽസി ഒന്നു മുതൽ ഏഴു വരെ മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്കൂളിലും പിന്നീട് പ്ലസ് ടു വരെ പെരുവന്താനം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠിച്ചത്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയാണ് ഈ മിടുക്കി നീറ്റ് പരീക്ഷയിലും മിന്നുന്ന വിജയം നേടിയത്. പാലാ ബ്രില്യന്റിലാണ് നീറ്റ് പരിശീലനം നേടിയത്.
ചെൽസിയുടെ പിതാവ് കർഷകനാണ്. മാതാവ് പെരുവന്താനം സെന്റ് ജോസഫ് സ്കൂളിലെ അധ്യാപികയാണ്. ഏഴിലും ഒമ്പതിലും പഠിക്കുന്ന രണ്ട് സഹോദരിമാരെ കൂടാതെ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് കരസ്ഥമാക്കി തുടർ പഠനത്തിനായി ശ്രമിക്കുന്ന മറ്റൊരു സഹോദരിയുമാണ് ചെൽസിക്കുള്ളത്. വീട്ടുകാരുടെയും അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണയാണ് വിജയത്തിനു പിന്നിലെന്ന് ചെൽസി പറഞ്ഞു. എയിംസിൽ തുടർപഠനം നടത്തുവാനുള്ള ശ്രമത്തിലാണ് ചെൽസി.