രാത്രി രണ്ടുമണി… ആശുപത്രി വാർഡിൽ എല്ലാവരും ഉറക്കത്തിൽ! രോഗിയുടെ സമീപം ഉറങ്ങിക്കിടന്ന യുവതിയുടെ പുതപ്പ് വലിച്ചുമാറ്റി അതിക്രമത്തിന് ശ്രമിച്ച് യുവാവ്! ഞെട്ടിയുണർന്ന യുവതി പ്രതിയെ അടിച്ചുതുരത്തി! പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടോടി! കേട്ടാൽ ഒരു സിനിമാ കഥയാണെന്ന് തോന്നണ്ട. കർണാടകയിലെ ഹാവേരി ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവമാണ്.
ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. രോഗിയുടെ സമീപം തറയിൽ ഉറങ്ങുകയായിരുന്ന സ്ത്രീയുടെ അടുത്തേക്ക് എത്തിയ യുവാവ് പുതപ്പ് വലിച്ചുമാറ്റുകയും ശരീരത്തിൽ അനുചിതമായി സ്പർശിക്കുകയും ചെയ്തെന്നാണ് ആരോപണം.
പെട്ടെന്ന് ഉറക്കമുണർന്ന യുവതി ഉടൻ തന്നെ പ്രതികരിക്കുകയും ഇയാളെ അടിക്കുകയും ചെയ്തു. ബഹളം കേട്ട് വാർഡിലുണ്ടായിരുന്ന മറ്റുള്ളവരും ഉണർന്നതോടെ പ്രതിയെ പിടികൂടാൻ ശ്രമം നടന്നു.
ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ അവിടെയുണ്ടായിരുന്നവർ തടയുകയും ഒരാൾ കോളറിൽ പിടിച്ച് നിലത്തേക്ക് അമർത്തിപ്പിടിക്കുകയും ചെയ്തു. എന്നാൽ പിടിയിൽനിന്ന് കുതറിമാറിയ ഇയാൾ ഒടുവിൽ ആശുപത്രിയിൽനിന്ന് ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ ആഴ്ച ഇതേ ആശുപത്രിയിൽനിന്ന് കുറഞ്ഞത് പത്ത് മൊബൈൽ ഫോണുകൾ മോഷണം പോയിരുന്നു. ആ സംഭവത്തിലും ഇതേ യുവാവിന് പങ്കുണ്ടെന്നാണ് സംശയം. ഒരേ വ്യക്തി വീണ്ടും വീണ്ടും ആശുപത്രി പരിസരത്ത് കടന്നുകയറിയിട്ടും സുരക്ഷാ സംവിധാനങ്ങൾ എന്തുകൊണ്ട് തടഞ്ഞില്ലെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
