വീടിന്റെ മുകൾനിലയിലെ ബാൽക്കണിയിൽ നിന്ന് അബധത്തിൽ താഴേക്ക് വീണ് തെരുവുവിളക്കിന്റെ മുകളിൽ കുടുങ്ങിപ്പോയ വളർത്തുനായയ്ക്ക് രക്ഷകനായി യുവാവ്. അപകടകരമായ രീതിയിൽ തെരുവുവിളക്കിന് മുകളിലേക്ക് വലിഞ്ഞുകയറി നായയെ സുരക്ഷിതമായി താഴെയെത്തിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.
‘ഘർ കെ കലേഷ്’ എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ഈ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ പുറത്തുവന്നത്. വീടിനോട് ചേർന്നുള്ള വൈദ്യുത തൂണിൽ ഭയന്നുവിറച്ച് നിൽക്കുന്ന നായയെയും, താഴെ ആശങ്കയോടെ തടിച്ചുകൂടിയ ആളുകളെയും വീഡിയോയിൽ കാണാം.
വിവാഹത്തോടനുബന്ധിച്ചുള്ള പരമ്പരാഗത രാത്രികാല ഘോഷയാത്രയായ ‘ജാഗോ’ ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്ന ഒരു സംഘം ആളുകളാണ് തൂണിൽ കുടുങ്ങിക്കിടക്കുന്ന നായയെ ആദ്യം കണ്ടത്. സ്വന്തമായി താഴേക്ക് ഇറങ്ങാൻ കഴിയാതെ നായ അപകടാവസ്ഥയിലാണെന്ന് മനസിലാക്കിയതോടെ, സംഘത്തിലുണ്ടായിരുന്ന മോഹിത് എന്ന യുവാവ് രക്ഷാപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു.
താഴെ നിന്നവർ പ്രോത്സാഹനവുമായി ഒപ്പം നിന്നതോടെ മോഹിത് വളരെ ശ്രദ്ധയോടെ തെരുവുവിളക്കിന്റെ തൂണിലൂടെ മുകളിലേക്ക് കയറി. നായയുടെ അടുത്തെത്തിയ ശേഷം അതിനെ മെല്ലെ ചേർത്തുപിടിച്ച് സുരക്ഷിതമാക്കി. തുടർന്ന്, നായയെ കൈകളിൽ ഏന്തിക്കൊണ്ട് തന്നെ വളരെ സൂക്ഷ്മതയോടെ യുവാവ് താഴേക്ക് ഇറങ്ങി.
താഴെ എത്തിയ ഉടൻ തന്നെ, ആശങ്കയോടെ കാത്തുനിന്നിരുന്ന ഉടമയുടെ കൈകളിലേക്ക് നായയെ സുരക്ഷിതമായി ഏൽപ്പിച്ചു. പരിഭ്രാന്തിയിൽ തുടങ്ങിയ നിമിഷങ്ങൾ യുവാവിന്റെ സമയോചിതമായ ഇടപെടലിലൂടെ സന്തോഷകരമായ പുനഃസമാഗമത്തിന് വഴിമാറി. സ്വന്തം സുരക്ഷ പോലും വകവെക്കാതെ ഒരു മിണ്ടാപ്രാണിയെ രക്ഷിക്കാൻ കാണിച്ച യുവാവിന്റെ മനസിനെയും ധൈര്യത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
