ഉടമയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച ധീരനായ നായ്ക്കുട്ടിയാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഉടമ അപകടത്തിൽപ്പെട്ട് ബോധരഹിതനായി വീണപ്പോൾ സഹായത്തിനായി ഓടിനടന്ന് അപരിചിതരെ എത്തിച്ച ഏഴുവയസുകാരി ജാക്ക് റസൽ ടെറിയർ ഹോളി എന്ന നായക്കുട്ടി. സ്വന്തം ഉടമയുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഹോളിക്ക് ബ്രിട്ടനിലെ ഏറ്റവും ഉയർന്ന മൃഗസാഹസിക ബഹുമതികളിലൊന്നായ പിഡിഎസ്എ ഗോൾഡ് മെഡൽ ലഭിച്ചു. നവംബർ 27ന് ലണ്ടനിൽ നടന്ന ചടങ്ങിലാണ് ഹോളിക്ക് പുരസ്കാരം സമ്മാനിച്ചത്. മൃഗങ്ങളുടെ അസാധാരണ ധൈര്യത്തിനും ജീവൻ രക്ഷിക്കുന്ന പ്രവർത്തനങ്ങൾക്കുമാണ് ഈ പുരസ്കാരം നൽകുന്നത്.
2026 ജനുവരി 3നായിരുന്നു സംഭവം. പതിവുപോലെ രാവിലെ ഉടമ നൈജൽ വാട്ട്മോറിനൊപ്പം നടക്കാനിറങ്ങിയതായിരുന്നു ഹോളി. അതിനിടെ ഒരു ഇടുങ്ങിയ വഴിയിൽവച്ച് നൈജൽ വീഴുകയും ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനാകുകയും ചെയ്തു.
ആളൊഴിഞ്ഞ സ്ഥലമായതിനാൽ സഹായത്തിനു വിളിച്ചാൽ പോലും ആരെയും കിട്ടില്ല. വഴിയുടെ ഇരുവശത്തുനിന്നും നോക്കിയാൽ പോലും നൈജലിനെ കണ്ടെത്താൻ എളുപ്പമായിരുന്നില്ല.
എന്നാൽ ഹോളി തോറ്റുകൊടുക്കാൻ തയ്യാറായില്ല. സഹായത്തിനായി അടുത്തുള്ള നടപ്പാതയിലേക്ക് ആവർത്തിച്ച് ഓടിയെത്തി വഴിയാത്രക്കാരുടെ ശ്രദ്ധ ആകർഷിക്കാൻ അവൾ ശ്രമിച്ചു. ഹോളിയുടെ അസാധാരണമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ഒരു നാട്ടുകാരൻ അവളെ പിന്തുടർന്ന് ഇടവഴിയിലെത്തി.
അവിടെയാണ് പരിക്കേറ്റ് ബോധരഹിതനായി കിടക്കുന്ന നൈജലിനെ കണ്ടെത്തിയത്.ഉടൻ തന്നെ അടിയന്തര സേവനങ്ങളെ വിവരമറിയിച്ചു. ആംബുലൻസ് എത്തുന്നതുവരെ മറ്റൊരാൾ ഹോളിക്കും ഉടമയ്ക്കും ഒപ്പം നിന്നു.
നൈജലിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ മസ്തിഷ്കാഘാതം, വാരിയെല്ലുകൾക്ക് പൊട്ടൽ, തോളിന് പരിക്ക്, തലയ്ക്കേറ്റ ആഘാതം, രക്തനഷ്ടം തുടങ്ങിയവ കണ്ടെത്തി. അപകടം ഹൃദയത്തെയും ബാധിച്ചതായാണ് റിപ്പോർട്ട്.
