തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡ് കൈയേറി പെട്ടിക്കടക്കാര്‍ സ്ഥിരം നിര്‍മാണ പ്രവര്‍ത്തനം നടത്തിയത് നഗരസഭാ അധികൃതര്‍ പോലീസ് സഹായത്തോടെ പൊളിച്ചുമാറ്റി. രജിസ്റ്റര്‍ ഓഫീസിന് മുന്‍വശം ഭഗവതി ലോട്ടറി, മൊബൈല്‍ സിറ്റി എന്നീ പെട്ടിക്കടകളുടെ മുന്‍ഭാഗത്താണ് സിമന്റ് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നേരത്തെ നഗരസഭാ ബില്‍ഡിംഗ് വിഭാഗം ഇതു പൊളിച്ചു നീക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതിന് തയാറാത്തതിനെതുടര്ന്നാണ് രാവിലെ 10.30 ഓടെ നഗരസഭാ എന്‍ജിനിയര്‍ പി.വി. ബിജു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.
രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭാ അധികൃതര്‍ എത്തി നിര്‍മാണ പ്രവര്‍ത്തനം നടത്തിയ ഭാഗം പൂര്‍ണമായി പൊളിച്ചുനീക്കിയത്. ഇതിനുപയോഗിച്ച കല്ലുകളും മറ്റും നഗരസഭാ വാഹനത്തില്‍ തന്നെ പരിസരത്തുനിന്നും നീക്കംചെയ്തു. ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. വേലായുധന്, തളിപ്പറമ്പ് അഡീഷണല്‍ എസ്ഐമാരായ പി. പ്രേമരാജന്‍, കെ. രമേശന് അടിയോടി എന്നിവരും പൊളിച്ചുമാറ്റലിന് നേതൃത്വം നല്‍കാനെത്തിയിരുന്നു. പൊളിച്ചുമാറ്റാനുള്ള ചെലവ് ഇത് കെട്ടിയവരില്‍ നിന്ന് ഈടാക്കുമെന്ന് നഗരസഭാ എന്‍ജിനിയര്‍ പറഞ്ഞു.