ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടീനടന്‍മാരായി അമിതാഭ് ബച്ചനെയും കങ്കണ റണവത്തിനെയും തെരഞ്ഞെടുത്തു; ജയസൂര്യക്ക് പ്രത്യേക ജൂറി പരാമര്‍ശം

filim63-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി മികച്ച ചിത്രമായി തെരഞ്ഞെടുത്തു. മികച്ച നടനായി അമിതാഭ് ബച്ചനെയും (പിക്കു) മികച്ച നടിയായി കങ്കണ റണാവത്തിനെയും (തനു വെഡ്‌സ് മനു റിട്ടേണ്‍) തെരഞ്ഞെടുത്തു. ബെന്‍നിലെ പ്രകടനത്തിന് മികച്ച ബാലതാരമായി മാസ്റ്റര്‍ ഗൗരവ് മേനോനെ തെരഞ്ഞെടുത്തു. ബാജിറാവു മസ്താനി എന്ന സിനിമയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയാണു മികച്ച സംവിധായകന്‍.

സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്ന സിനിമകളിലെ അഭിനയത്തിനു ജയസൂര്യക്ക് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച സംഗീത സംവിധയകനുള്ള അവാര്‍ഡ് എം ജയചന്ദ്രന്. എന്നു നിന്റെ മൊയ്തിനിലെ കാത്തിരുന്നു കാത്തിരുന്നു… എന്ന ഗാനത്തിനാണു ജയചന്ദ്രന് അവാര്‍ഡു ലഭിച്ചത്. മികച്ച മലയാള ചിത്രമായി സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി തെരഞ്ഞെടുക്കപ്പെട്ടു.

ദേശീയ ചലച്ചിത്ര പുരസ്കാരം നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തിനു മൂന്നു അവാര്‍ഡുകള്‍ ലഭിച്ചു. അലിയാര്‍, നീലന്‍, ക്രിസ്റ്റോ ടോമി എന്നിവര്‍ക്കാണു പുരസ്കാരം ലഭിച്ചത്. അമ്മയുടെ സംവിധായകന്‍ നീലനു പ്രത്യേക പരാമര്‍ശം. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത കാമുകിയാണു മികച്ച ഹ്രസ്വചിത്രം. പ്രൊഫ. അലിയാര്‍ക്ക് അരങ്ങിലെ നിത്യവിസ്മയം ഡോക്യുമെന്ററിയുടെ വിവരണത്തിനാണു പുരസ്കാരം. മികച്ച പരിസ്ഥിതി ചിത്രമായി ഡോ.ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍ തെരഞ്ഞെടുക്കപ്പെട്ടു. സിനിമ സൗഹൃദ സംസ്ഥാനമെന്ന വിഭാഗത്തില്‍ കേരളത്തിനു പ്രത്യേക പരാമര്‍ശവും ലഭിച്ചു. ഗുജറാത്താണ് മികച്ച സിനിമ സൗഹൃദ സംസ്ഥാനം.

Related posts