‘ഇതാകണം പോലീസ് ” പരിയാരത്ത് കാടുകയറിയ സ്ഥലം വെട്ടിത്തെളിച്ച് പാര്‍ക്കിംഗ് സൗകര്യമൊരുക്കി

KNR-PARKINGപരിയാരം: അനധികൃത വാഹന പാര്‍ക്കിംഗ് കൊണ്ട് പൊറുതിമുട്ടിയ പോലീസ് കാടുകയറിക്കിടന്ന സ്ഥലം വെട്ടിത്തെളിച്ച് പാര്‍ക്കിംഗ് സൗകര്യമൊരുക്കി. പരിയാരം പോലീസിന്റെ നേതൃത്വത്തിലാണ് മെഡിക്കല്‍ കോളജ്-ശ്രീസ്ഥ റോഡിലെ റവന്യു പുറമ്പോക്ക് ഭൂമി താത്കാലിക പാര്‍ക്കിംഗിനായി തയാറാക്കിയത്.

മെഡിക്കല്‍ കോളജ് പരിസരത്തെ പാര്‍ക്കിംഗ് കുടാതെ പലരും റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് കടുത്ത വാഹന തടസവും അപകടങ്ങളും ഉണ്ടാക്കുന്നതിനാലാണ് എസ്‌ഐ കെ.എന്‍. മനോജ് പാര്‍ക്കിംഗിന് ബദല്‍ സാധ്യത തേടിയത്. ശ്രീസ്ഥ റോഡിലെ റവന്യു പുറമ്പോക്ക് സ്ഥലം മണ്ണുമാന്തി ഉപയോഗിച്ച് ലെവല്‍ ചെയ്താണ് പാര്‍ക്കിംഗിനായി തയാറാക്കിയത്. ഏതാണ്ട് ഒരേക്കറോളം സ്ഥലമാണ് ഇത്തരത്തില്‍ ഒരുക്കിയെടുത്തത്.

കഴിഞ്ഞ ദിവസം മുതല്‍ ഇവിടെ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് ആരംഭിച്ചു. ഇതോടെ റോഡരികിലെ പാര്‍ക്കിംഗിനെതിരേ പരിയാരം പോലീസ് നടപടികളും ആരംഭിച്ചിട്ടുണ്ട്. കടകള്‍ക്ക് മുന്നില്‍ രാവിലെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ രാത്രി മാത്രം എടുത്തുകൊണ്ടുപോകുന്നതും ഒഴിവായിട്ടുണ്ട്. പാര്‍ക്കിംഗ് സ്ഥലത്ത് പോലീസ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

Related posts