ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ തീപിടിത്തം. പുക ശ്വസിച്ച് വാര്‍ഡില്‍ കഴിയുന്ന രോഗികള്‍ക്ക് അസ്വസ്ഥതയുണ്ടായി. ഇന്നു രാവിലെ ഒന്‍പതോടെ 13-ാം വാര്‍ഡിനു സമീപമാണ് അഗ്നിബാധയുണ്ടായത്. സ്റ്റെയര്‍കെയ്സിനു ചുവട്ടില്‍ കൂട്ടിയിട്ടിരുന്ന പഴയ ബഡുകളും ആശുപത്രി ഉപകരണങ്ങളും കോട്ടണും അടങ്ങുന്ന വെയ്സ്റ്റിനാണ് തീപിടിച്ചത്. വാര്‍ഡിനുള്ളിലേക്കു പുക പടര്‍ന്നതോടെയാണ് തീപിടിത്തം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്.
പെട്ടെന്നുതന്നെ തീ ആളിക്കത്തി. വാര്‍ഡിനുള്ളിലേക്കു പുക പടര്‍ന്നു. രൂക്ഷമായ പുകശല്യത്തില്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന രോഗികള്‍ക്ക് അസ്വസ്ഥത ഉണ്ടായി. രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി വാര്‍ഡില്‍നിന്ന് ഇറങ്ങിയോടി. വളരെപ്പെട്ടെന്നുതന്നെ ആശുപത്രി ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനിടെ കോട്ടയത്തുനിന്നും ഫയര്‍ഫോഴ്സിന്റെ രണ്ടു യൂണിറ്റുകളുമെത്തി തീ പൂര്‍ണമായും അണച്ചു.
ആശുപത്രി ജീവനക്കാരുടെയും രോഗികളുടെ കൂട്ടിരിപ്പുകാരുടെയും സമയോചിതമായ ഇടപെടലാണ് തീ പടര്‍ന്നുപിടിക്കാതെ കാത്തതും വന്‍ ദുരന്തം ഒഴിവായതും. മെയിന്‍ ഓപ്പറേഷന് തിയറ്ററിന്റെ തൊട്ടുതാഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണോ ആരെങ്കിലും സിഗററ്റ് കുറ്റിയോ മറ്റോ വലിച്ചെറിഞ്ഞതാണോ എന്നറിയില്ല. ആശുപത്രിയുടെ പല ഭാഗങ്ങളില്‍ ഇതുപോലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ അലക്ഷ്യമായി കൂട്ടിയിട്ടിട്ടുണ്ട്. ഇത് അപകടഭീഷണി ഉയര്‍ത്തുന്നു.