മംഗലംഡാം: ഭൂമിക്കും വീടിനുമായി കടപ്പാറ മൂര്‍ത്തിക്കുന്നില്‍ പതിനാലര ഏക്കര്‍വരുന്ന നിക്ഷിപ്ത വനഭൂമി കൈവശപ്പെടുത്തി സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങള്‍ക്കായി സമരഭൂമിയില്‍ തന്നെ കുടിവെള്ളം എത്തിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നടപടിയുണ്ടായത് സമരത്തിനുള്ള അംഗീകാരമായി ചൂണ്ടിക്കാട്ടുന്നു. രണ്ടരമാസത്തിലേറെയായി കുടില്‍കെട്ടി സമരം നടത്തുകയാണ് മൂര്‍ത്തിക്കുന്നിലെ 22 ആദിവാസി കുടുംബങ്ങള്‍. 14 ഏക്കര്‍ സ്ഥലത്തെ അടിക്കാട് വെട്ടിതെളിയിച്ചും വലിയ മരങ്ങള്‍ മുറിച്ചും കൊമ്പുകള്‍ ഇറക്കിയും ഭൂമി കൃഷിക്കായി ഒരുക്കിക്കൊണ്ടിരിക്കുകയാണ്.
സമരം നടത്തിവരുന്ന മൂര്‍ത്തിക്കുന്ന് മലയുടെ മുകള്‍ഭാഗമായ തിപ്പിലിക്കയത്തുനിന്നും ഹോസ് വഴി വെള്ളം സമരഭൂമിയിലെത്തിക്കാനാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഇതിനായി 1900 മീറ്റര്‍ ഹോസും ആയിരം ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്കും സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഹോസ് ഇടല് നടന്നുകൊണ്ടിരിക്കുകയാണ്. പട്ടികവര്‍ഗ വകുപ്പില്‍നിന്നാണ് ഇത് അനുവദിച്ചിട്ടുള്ളത്. ചുട്ടുപൊള്ളുന്ന പാറപ്പുറത്തെ വീടുകളിലേക്ക് വെള്ളം എത്തിക്കുന്നതില്‍ ആദിവാസികള്‍ക്കും വിയോജിപ്പായിരുന്നു. ഇതിനാലാണ് സമരഭൂമിയില്‍ തന്നെ വെള്ളമെത്തിക്കാന്‍ നടപടിയായത്.
ഇത് സമരത്തെ സര്‍ക്കാര്‍ അംഗീകരിച്ചതിന്റെ തെളിവാണെന്നാണ് വിലയിരുത്തല്‍. കൈവശപ്പെടുത്തിയിട്ടുള്ള ഭൂമി ആദിവാസികള്‍ക്കു തന്നെ നല്കാന് പുതിയ സര്‍ക്കാര്‍ വരുന്നതോടെ നടപടിയുണ്ടാകുമെന്നാണ് പറയുന്നത്. എന്നാല്‍ സ്വകാര്യഭൂമിയായിരുന്ന മൂര്‍ത്തിക്കുന്ന് മലമ്പ്രദേശം പിന്നീട് നിക്ഷിപ്തവനമായി സര്‍ക്കാര്‍ ഏറ്റെടുത്തതാണ്. കൈവശപ്പെടുത്തിയ ഭൂമി ആദിവാസികള്‍ക്കുതന്നെ നല്‍കുമെന്നാണ് വനംവകുപ്പും പറയുന്നത്.