കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. നാല് കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കളുമായി വിദേശ വനിത അറസ്റ്റില്‍. ദോഹയില്‍ നിന്ന് എത്തിച്ച നാല് കിലോയുടെ മെത്താക്വലോണ്‍ ആണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ ആഫ്രിക്കയിലെ ടോഗോ സ്വദേശിനിയായ ലാതിഫാറ്റോ ഓറോ(44) ആണ് പിടിയിലായത്.
എയര്‍പോര്‍ട്ട് കസ്റ്റംസും സിയാല്‍ സെക്യൂരിറ്റി വിഭാഗവും നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു ലഹരിവസ്തു. ദോഹ കൊച്ചി വിമാനത്തില്‍ എത്തി ഡല്‍ഹിക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നേരത്തെയും ഇവര്‍ ദില്ലിയിലേക്ക് രാസലഹരി കടത്തിയിരുന്നുവെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി കസ്റ്റംസ് പറയുന്നു.
ബാഗിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ചു കടത്തി
ദോഹയില്‍ നിന്നു കൊച്ചി വഴി ഡല്‍ഹിയിലേക്ക് പോകുന്നതിനിടെയാണ് ലഹരി മരുന്ന് കസ്റ്റംസ് പിടികൂടിയത്. ലാതി ഫാറ്റോ ഓറോയുടെ ബാഗില്‍ പ്രത്യേക അറയില്‍ ഒളിപ്പിച്ച കവറില്‍ ആയിരുന്നു ലഹരി വസ്തു. ആഫിക്കയിലെ ടോഗോ എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ടോഗോലൈസ് സ്വദേശിയാണ് പ്രതി. ദേഹയില്‍ നിന്നു കൊച്ചിയിലെത്തിയ ശേഷം ഡല്‍ഹിക്ക് പോകാനായി ടെര്‍മിനലില്‍ ഇരിക്കുമ്പോഴാണ് അറസ്റ്റിലായത്.
സിയാല്‍ അധികൃതര്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നി ബാഗ് കസ്റ്റംസിന് കൈമാറി. തുടര്‍ന്ന് നടന്ന വിശദമായ പരിശോധനയില്‍ ബാഗിനുള്ളില്‍ നിന്നു ലഹരി വസ്തു കണ്ടെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് ലഹരി വസ്തു ഡല്‍ഹിയിലേക്ക് എത്തിച്ചതാണെന്ന് ഇവര്‍ അറിയിച്ചത്.
ലാതിഫാറ്റോ അന്താരാഷ്ട്ര സംഘത്തിലെ കണ്ണി?
ഡല്‍ഹിയില്‍ ആര്‍ക്കുവേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് കസ്റ്റംസ് അന്വേഷിച്ചുവരികയാണ്. മുമ്പും സമാന രീതിയില്‍ ഇവര്‍ ലഹരി വസ്തുക്കള്‍ കടത്തിയിട്ടുണ്ടോയെന്നും പരിശോധനകള്‍ ആരംഭിച്ചു.ദോഹയില്‍ നിന്ന് എത്തിയ ഇവര്‍ക്ക് ലഹരി കൈമാറിയത് ആരാണെന്നും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
ഇവര്‍ അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിലെ കണ്ണിയാണെന്ന സംശയവും കസ്റ്റംസിനുണ്ട്. വിശദമായി ചോദ്യം ചെയ്തു വരികയാണ്. ലാതിഫാറ്റോയ്ക്ക് പിന്നിന് വലിയ സംഘമുണ്ടെന്ന് സംശയിക്കുന്ന കസ്റ്റംസ് നെടുമ്പാശേരിയില്‍ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. കൊച്ചിയിലെത്തിയ ലാതിഫാറ്റോയ്ക്ക് കേരത്തിലും ലഹരി നെറ്റ്വര്‍ക്ക് ഉണ്ടോയെന്ന് അന്വേഷണം ആരംഭിച്ചു.
