ഇതരസംസ്ഥാനത്തുനിന്ന് എംഡിഎംഎ എത്തിച്ചു ചില്ലറ വിതരണം നടത്തുന്ന സംഘത്തെ ചുറ്റിപ്പറ്റി പൊലിസുകാരെ കാറിടിപ്പിച്ച സംഭവത്തിൽ വ്യാപക അന്വേഷണം

തിരുവനന്തപുരം: പൊലിസുകാരെ കാറിടിപ്പിച്ച സംഭവംത്തിൽ, 13 ഗ്രാം എംഡിഎംഎയുമായി പിടിയിലായ പ്രതിയെ കേന്ദ്രീകരിച്ച് പൂജപ്പുര പൊലിസ് അന്വേഷണം വ്യാപകമാക്കി. വലിയതുറ സ്വദേശി സരുണ്‍ (38) ആണ് കഴിഞ്ഞദിവസം പിടിയിലായത്. ഇയാളില്‍ നിന്ന് എട്ടു ഗ്രാം വൈറ്റ് എംഡിഎംഎയും അഞ്ച് ഗ്രാം ഗോള്‍ഡ് എംഡിഎംഎയും പിടികൂടിയിരുന്നു.

വലിയൊരളവ് മയക്കുമരുന്ന് പ്രതിയില്‍ നിന്നു പിടികൂടിയതോടെ സരുണിന്‍റെ കൂട്ടാളികള്‍ക്കായി അന്വേഷണം പൊലിസ് വ്യാപിപ്പിക്കുകയായിരുന്നു. സരുണ്‍ പിടിയിലായതിനു പിന്നാലെ വലിയതുറ ഭാഗത്ത് അന്വേഷണത്തിലായിരുന്ന രണ്ടു ഡാന്‍സാഫ് പൊലിസുകാരായ വിനീത്, റോജിന്‍ എന്നിവരെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമമുണ്ടായിരുന്നു.

ഇവരില്‍ ഒരാള്‍ ഫോര്‍ട്ട് ആശുപത്രിയിലും മറ്റൊരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇപ്പോഴും ചികിത്സയിലാണ്. സരുണ്‍ പിടിയിലായി മിനിറ്റുകള്‍ക്കുള്ളിലായിരുന്നു ഈ സംഭവം. ഇതുമായി ബന്ധപ്പെട്ട് വലിയതുറ സ്വദേശി ടോമി ഫെര്‍ണാണ്ടസിനെ (35) വലിയതുറ പൊലിസ് അറസ്റ്റുചെയ്യുകയുണ്ടായി. സരുണിന്‍റെ കൂട്ടാളിയാണ് ടോമി എന്ന് സൂചനയുണ്ട്.

ഇതരസംസ്ഥാനത്തുനിന്ന് എംഡിഎംഎ എത്തിച്ചശേഷം മുടവന്‍മുകള്‍ ഭാഗത്തുവച്ച് ചില്ലറ വിതരണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സരുണ്‍ ഡാന്‍സാഫ് സംഘത്തിന്‍റെ പിടിയിലാകുന്നത്. തുടര്‍ന്നാണ് ഇയാളുടെ കൂട്ടുപ്രതികള്‍ വലിയതുറ ഭാഗത്ത് ഉള്ളതായി രഹസ്യവിവരം ലഭിക്കുന്നത്.

സരുണ്‍ ഉള്‍പ്പെട്ട അഞ്ചംഗസംഘമാണ് എംഡിഎംഎ കടത്തിനും കച്ചവടത്തിനും പിന്നിലെന്ന് തെളിഞ്ഞിട്ടുണ്ട്. ഇനിയും മൂന്നുപേര്‍ പിടിയിലാകാനുണ്ടെന്നാണ് വിവരം. രഹസ്യസങ്കേതത്തില്‍ എംഡിഎംഎ സൂക്ഷിച്ചശേഷം ഇടനിലക്കാര്‍ വില്‍പ്പന നടത്തുകയാണ് രീതി.

വ്യാഴാഴ്ച ഡാന്‍സാഫ് സംഘം വലിയതുറ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയുണ്ടായി. അതിനിടെ കുപ്രസിദ്ധ ഗുണ്ടയായ നവീന്‍ സുരേഷ് കഴിഞ്ഞദിവസം വലിയതുറയിലെ ഒരു വീട് അടിച്ചുതകര്‍ക്കുകയുണ്ടായി. സരുണിന്‍റെ എംഡിഎംഎ കച്ചവടം ചോര്‍ത്തി നല്‍കിയത് ഈ വീട്ടുകാരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇയാളെയും പൊലിസ് അന്വേഷിച്ചുവരുന്നുണ്ട്.

റിമാന്‍ഡില്‍ കഴിയുന്ന സരുണ്‍, ടോമി ഫെര്‍ണാണ്ടസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ ലഹരിസംഘത്തിന്‍റെ ചുരുളഴിക്കാന്‍ സാധിക്കുകയുള്ളൂ.

Related posts

Leave a Comment