കാസര്‍ഗോഡ് കോഴികടത്തുകയായിരുന്ന വാന്‍ ബസുമായി കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ടുപേര്‍ മരിച്ചു

vanകാസര്‍ഗോഡ്:കോഴികടത്തുകയായിരുന്ന വാന്‍ ബസുമായി കൂട്ടിയിടിച്ച് തീപിടിച്ച് വാനിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു. ഡ്രൈവര്‍ ചെര്‍ക്കള ബാലടുക്കയിലെ മസൂദ് (21), ക്ലീനര്‍ കുറ്റിക്കോല്‍ പള്ളഞ്ചിമൂലയിലെ ഉജ്വല്‍നാഥ് (19) എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 5.45ഓടെ ദേശീയ പാതയിലെ മൊഗ്രാല്‍ കൊപ്പര ബസാറിലാണ് അപകടം. കര്‍ണാടകയില്‍ നിന്നും ഊടുവഴികളിലൂടെ കോഴികടത്തുകയായിരുന്ന മാരുതി ഇക്കോ വാന്‍ ദേശീയപാതയിലേക്കു പ്രവേശിക്കവെ തിരുവനന്തപുരത്ത് നിന്ന് മണിപ്പാലിലേക്ക് പോകുകയായിരുന്ന കെഎ 01 എബി 4737 നമ്പര്‍ കല്ലട കമ്പനിയുടെ വോള്‍വോ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും കത്തിനശിച്ചു. ഡ്രൈവര്‍ മസൂദ് വാനിലുള്ളില്‍ പൊള്ളലേറ്റ് മരിക്കുകയായിരുന്നു. വാനില്‍ നിന്നും റോഡിലേയ്ക്കു തെറിച്ചുവീണു പരിക്കേറ്റ ക്ലീനര്‍ ഉജ്വല്‍നാഥിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  നിയന്ത്രണം വിട്ട വോള്‍വോ ബസ് സമീപത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലിടിച്ചു നിന്നു. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റതൊഴിച്ചാല്‍ ബസ് യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

നാട്ടുകാരും ഫയര്‍ഫോര്‍സും ചേര്‍ന്ന് തീകെടുത്തിയതിന് ശേഷമാണ് വാനിന്റെ  ഡോര്‍ കുത്തിപ്പൊളിച്ച് അകത്തുണ്ടായിരുന്ന മസൂദിനെ പുറത്തെടുത്തത്. അരയ്ക്ക് താഴെ വെന്ത വിലയിലായിരുന്നു മൃതദേഹം. വാനിലുണ്ടായിരുന്ന എട്ടു ബോക്‌സ് കോഴികളും ചത്തു. മസൂദിന്റെയും ഉജ്വലിന്റെയും മൃതദേഹങ്ങള്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ഗോപി-ഉഷ ദമ്പതികളുടെ മകനാണ് ഉജ്വല്‍. സഹോദരങ്ങള്‍: ഗോകുല്‍, രാഹുല്‍.

Related posts