തിരുവനന്തപുരം: ശബരിമലയിൽ ആടിയ നെയ് വിൽപ്പനയിൽ ക്രമക്കേടു നടത്തിയ കേസിൽ. 2025 വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർ, ആടിയ നെയ് വിൽപ്പനയിൽ ക്രമക്കേടുകൾ നടത്തി 36 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനലൂർ ഗ്രൂപ്പിന് കീഴിൽ വരുന്ന ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തിലെ മുൻ ശാന്തി ആലപ്പുഴ അരൂർ സ്വദേശി കെ.ആർ. സുനിൽകുമാർ പോറ്റിയെ ആണ് ഇന്നലെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
ആടിയ നെയ് പായ്ക്കറ്റിലാക്കി വിൽപ്പന നടത്തുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നു.
നെയ് പാക്കറ്റുകൾ വിൽപ്പന നടത്തിയതിനുശേഷം ലഭിച്ച മഴുവൻ തുകയും ബോർഡിൽ അടയ്ക്കാതെ ജീവനക്കാർ സ്റ്റോക്കിൽ ക്രമക്കേട് നടത്തി ദേവസ്വം ബോർഡിന് 36,24,400 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ കേസിലാണ് സുനിൽകുമാർ പോറ്റിയെ വിജിലൻസ് പത്തനംതിട്ട യൂണിറ്റ് അറസ്റ്റ് ചെയ്തത്. പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
