ചിറക്കൽ: ആഫ്രിക്കൻ ഒച്ചിന്റെ ശല്യം മൂലം പൊറുതിമുട്ടി നാട്ടുകാർ. ചിറക്കൽ, വളപട്ടണം പഞ്ചായത്തുകളിലെ മേഖലകളിലാണ് വീണ്ടും ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായത്. വീടിന്റെയും കിണറിന്റെയും പരിസരങ്ങളിൽ ഒച്ച് ആരോഗ്യഭീഷണി സൃഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു.
ചിറക്കൽ പുതിയതെരു ടൗൺ, ഓണപ്പറമ്പ് ഹെൽത്ത് സെന്റർ, കാഞ്ഞിരത്തറ സ്കൂൾ പരിസരം, പുഴാതി സോമേശ്വരി ക്ഷേത്രപരിസരം കൊല്ലറത്തിക്കൽ, വളപട്ടണം കീരിയാട്, കളരിവാതുക്കൽ എന്നിവിടങ്ങളിലാണ് ആഫ്രിക്കൻ ഒച്ച് ശല്യം കാരണം ആളുകൾ പ്രയാസമനുഭവിക്കുന്നത്.
വീട്ടുകാർ ഒച്ചിനെ ഉപ്പ് ഉപയോഗിച്ച് നശിപ്പിക്കുന്നുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ മുട്ടയിട്ട് ഒച്ചുകൾ ക്രമാതീതമായി വർധിക്കുകയാണ്.
കഴിഞ്ഞ വർഷം കീരിയാട്, കാട്ടാമ്പള്ളി ഭാഗങ്ങളിലും ഒച്ച് ശല്യം രൂക്ഷമായിരുന്നു. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഇവയെ നശിപ്പിക്കുന്നതിനു നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യം.
