വൈപ്പിന്‍: സ്ത്രീധന പീഡന പരാതിയിൽ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരേ കോടതി ഉത്തരവിനെതുടർന്ന് കേസെടുത്തു. മാലിപ്പുറം തൈപ്പറമ്പില്‍ അലം (27), മാതാവ് ഐഷാബി (56) എന്നിവര്‍ക്കെതിരെയാണ് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഞാറക്കല്‍ പോലീസ് കേസ് എടുത്തത്. അലമിന്റെ ഭാര്യ കോടതിയിൽ നൽകിയ ഹര്‍ജിയെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്.
2021ല്‍ ആയിരുന്നു ഇവരുടെ വിവാഹം. 30 പവന്റെ സ്വര്‍ണാഭരണങ്ങളാണ് അന്ന് സ്ത്രീധനമായി നല്‍കിയത്. എന്നാല്‍ ഇതുപോരാ 50 പവന് കൂടി വേണമെന്ന് ആവശ്യപ്പെട്ട് വിവാഹം കഴിഞ്ഞ ആഴ്ച മുതല്‍ ഭര്‍ത്താവും ഭര്‍തൃമാതാവും തന്നെ പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി കോടതിയിൽ നല്കിയ ഹര്‍ജിയിൽ ആരോപിച്ചു.
മാത്രമല്ല സ്ത്രീധനമായി തനിക്ക് ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ ഭര്‍തൃമാതാവിന്റെ കസ്റ്റഡിയിലാണെന്നും ഇത് ചോദിച്ചിട്ട് തിരികെ നൽകിയില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
