ഫാനിസം കൂടിയപ്പോള്‍ ഇട്ട കമന്റാണ്, ഇന്നതില്‍ ഖേദിക്കുന്നു! പൃഥ്വിരാജ് ആരാധകരുടെ ആക്രമണം സഹിക്കാതായപ്പോള്‍ പരസ്യമായി മാപ്പ് ചോദിച്ച് നടി ഐശ്വര്യ ലക്ഷ്മി

വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഇപ്പോള്‍ വിവാദമായതോടെ അതില്‍ വിശദീകരണവുമായി നടി ഐശ്വര്യ ലക്ഷ്മി രംഗത്ത്.

ആറുവര്‍ഷം മുന്‍പുള്ള നടിയുടെ ഒരു കമന്റ് ആരോ കുത്തിപ്പൊക്കിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. നടന്‍ പൃഥ്വിരാജിനെ രാജപ്പന്‍ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ഐശ്വര്യയുടെ കമന്റാണ് വിവാദമായത്. ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറും പൃഥ്വിയും നില്‍ക്കുന്ന ചിത്രമാണ് ഐശ്വര്യ പോസ്റ്റ് ചെയ്തത്.

2012 ലാണ് യഥാര്‍ത്ഥ സംഭവം നടക്കുന്നത്. ഐശ്വര്യ സിനിമയില്‍ വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ‘ഔറംഗസേബ്’ എന്ന ഹിന്ദി ചിത്രം റിലീസ് ആയ സമയം. അതിലെ നായകന്മാരായ അര്‍ജ്ജുന്‍ കപൂര്‍, പൃഥ്വിരാജ് എന്നിവര്‍ ഒന്നിച്ചു നില്‍ക്കുന്ന ചിത്രത്തിന് കീഴില്‍ അന്ന് ഐശ്വര്യ ഇട്ട ഒരു കമന്റ് ആണ് ഇന്നത്തെ മാപ്പ് പറച്ചിലിന് പിന്നില്‍.

”ഇഷക്‌സാദെ നായകന് (അര്‍ജ്ജുന്‍ കപൂര്‍) ഉമ്മ” എന്നാണ് ഐശ്വര്യ ഫേസ്ബുക്കില്‍ കുറിച്ചത്. അതിനു താഴെ കൂട്ടുകാരികളുമായി നടത്തിയ സംഭാഷണത്തില്‍ ഇങ്ങനെയും കൂടി പറഞ്ഞു.

”ഇടി കൊണ്ട് ‘ഡാമേജ്’ ആയ അവസ്ഥയിലാണ് ഈ ചിത്രത്തില്‍ രാജപ്പന്‍. എന്റെ നായകനെ നോക്കൂ, എത്ര ഹോട്ടാണ് എപ്പോഴും”.

ഇതാണ് പൃഥ്വിരാജ് ഫാന്‍സിനെ ചൊടിപ്പിച്ചതും ഇപ്പോള്‍ വീണ്ടും പൊങ്ങി വന്നതും. കമന്റ് ചര്‍ച്ചയായതോടെ പൃഥ്വിരാജ് ഫാന്‍സ് നടിക്കെതിരെ ഹേറ്റ് ക്യാംപെയിന്‍ ആരംഭിച്ചു. നടിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലും ചീത്തവിൡളുടെ പ്രളയമായിരുന്നു. ഇതോടെ ഐശ്വര്യ തന്റെ കമന്റ് ബോക്‌സ് ഡിസേബിള്‍ ചെയ്യുകയും ചെയ്തു. എന്നിട്ടും രക്ഷയില്ലെന്ന് കണ്ടതോടെയാണ് മാപ്പു പറഞ്ഞ് നടി രംഗത്തെത്തിയത്.

നടിയുടെ വാക്കുകള്‍ ഇങ്ങനെ…

‘മുന്‍പൊരു സമയത്ത് ഫാനിസം കൂടി പോയി കൂട്ടുകാര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ചിലവഴിച്ച സമയങ്ങളില്‍ ഇട്ട ഒരു കമന്റ് ആണ് അത്. ഇന്നത് വായിക്കുമ്പോള്‍ എനിക്ക് തന്നെ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട്. 6 വര്‍ഷം മുന്‍പ് ഫാനിസത്തിന്റെ പേരില്‍ മാത്രം ചെയ്‌തൊരു കമന്റിന്റെ പേരില്‍ നിങ്ങള്‍ എന്നെ വെറുക്കരുത്. ഞാനും രാജു ചേട്ടന്റെ ഒരു ആരാധികയാണ്. തീര്‍ത്തും അറിയാതെ സംഭവിച്ചൊരു തെറ്റ് നിങ്ങളില്‍ ദേഷ്യമോ വിഷമമോ വരുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു’.

Related posts