കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി സമരത്തിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ 20 എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. നിയമവിരുദ്ധമായി സംഘം ചേരല്‍, മുദ്രാവാക്യം വിളിച്ച് പൊതുജനങ്ങള്‍ക്ക് മാര്‍ഗതടസമുണ്ടാക്കി അടക്കമുള്ള വകുപ്പുകളിലാണ് മട്ടാഞ്ചേരി പോലീസ് കേസെടുത്തത്.
ബുധനാഴ്ച വൈകുന്നേരം നാലരയോടെ ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മട്ടാഞ്ചേരിയിലുള്ള ടി.ജി. മോഹന്‍ദാസിന്റെ വീട്ടിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കെ.ആര്. റെനീഷ്, ടി.ടി. ജിസ്മോന്, ഷിഫാസ്, ആല്ബിന്, നിസാമുദീന്‍, പ്രമേഷ്, എം.ആര്. സുര്‍ജിത് തുടങ്ങി കണ്ടാലറിയാവുന്ന 20 ഓളം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
വിദ്വേഷ പരമാര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ ബുധനാഴ്ച പോലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം സൈബര്‍ പോലീസാണ് കലാപാഹ്വാനത്തിന് കേസെടുത്തത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോന് ആയിരുന്നു ആദ്യം പരാതി നല്‍കിയത്. പരാതികളെത്തി മൂന്നാം ദിവസമാണ് മോഹന്‍ദാസിനെതിരെ കേസെടുത്തത്.
പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ വെടിവച്ചു കൊല്ലണമെന്നും പ്രക്ഷോഭത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് എന്നുമായിരുന്നു യൂട്യൂബ് ചാനലിലൂടെ മോഹന്‍ദാസ് വിവാദ പരാമര്‍ശം നടത്തിയത്.
